
വാഷിംഗ്ടൺ: അമേരിക്കയിൽ ആളിക്കത്തി ട്രംപ് വിരുദ്ധ വികാരം. മിഡ് ടേം തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് വൻ വീഴ്ച. യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻമാരിൽ നിന്ന് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ഉപരിസഭയായ സെനറ്റിലും അധോസഭയായ ജനപ്രതിനിധിസഭയിലും വൻ ഭൂരിപക്ഷമാണ് ഡെമോക്രാറ്റിക് പാർട്ടി നേടിയത്.
തീരുവ ഭീഷണികൊണ്ട് ഡൊണാൾഡ് ട്രംപ് ലോകത്തെ വെറുപ്പിച്ചു. പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ പാളിയ നയങ്ങളിലൂടെ സ്വന്തം ജനതയെയും. നാട്ടിൽ മുൻപില്ലാത്ത വിലക്കയറ്റവും സാമ്പത്തികാനിശ്ചിതത്വവും. ഇതിനെല്ലാം ചേർത്ത് ജനത മറുപടി നൽകി.
ഫലങ്ങൾ വന്നുതുടങ്ങിയ ഇന്നലെ തന്നെ സെനറ്റിലും സഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം കടന്നത് ചരിത്രമായി. മുൻ തിരഞ്ഞെടുപ്പുകളിൽ വിരലിലെണ്ണാവുന്ന സീറ്റിന്റെ വ്യത്യാസത്തിൽ ഇരുപാർട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചിരുന്നു. ഇത്തവണ ആദ്യം മുതൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി വിയർത്തു. പരമ്പരാഗത കോട്ടകളിൽ അടിപതറി.
ട്രംപും യു.എസ് കോൺഗ്രസും തമ്മിലെ ഏറ്റുമുട്ടലിനാണ് ഇനി രണ്ട് വർഷം യു.എസ് സാക്ഷിയാകുക. തീരുവ, യുദ്ധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിന് തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കാനാകില്ല. ഡെമോക്രാറ്റുകൾക്ക് ട്രംപിന്റെ നീക്കങ്ങളെ ചെറുക്കാം. അതേസമയം ട്രംപിന് വീറ്റോ അധികാരമുണ്ട്. 2028ലാണ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്. അതിൽ തിരിച്ചുവരാമെന്ന ആത്മവിശ്വാസമാണ് ഡെമോക്രാറ്റുകൾക്ക് ലഭിച്ചത്.
പുതിയ കോൺഗ്രസ് ജനുവരി 3ന് അധികാരമേൽക്കും. ജനപ്രതിനിധി സഭാംഗങ്ങൾക്ക് രണ്ട് വർഷവും സെനറ്റംഗങ്ങൾക്ക് ആറ് വർഷവുമാണ് കാലാവധി. ജനപ്രതിനിധികളുടെ 435 സീറ്റിലേക്കും വോട്ടെടുപ്പ് നടന്നു. 100 അംഗ സെനറ്റിൽ 35 ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് പാർട്ടിയുടെ ഇലക്ഷൻ ചിഹ്നം കഴുതയും റിപ്പബ്ലിക്കൻ പാർട്ടിയുടേത് ആനയുമാണ്.
തോന്നുംപടി പറ്റില്ല
ഡെമോക്രാറ്റുകൾക്ക് അവരുടെ ബില്ലുകൾ രണ്ട് സഭകളിലും പാസാക്കാം. പക്ഷേ ട്രംപ് വീറ്റോ ചെയ്യും. എന്നാൽ വിശദീകരണം തേടാനും അന്വേഷണം നടത്താനും ഡെമോക്രാറ്റുകൾക്ക് സ്വാതന്ത്ര്യം. ട്രംപിന്റെ ജുഡിഷ്യൽ, എക്സിക്യൂട്ടീവ് നിയമനങ്ങളെ സെനറ്റിന് തടയാം.
ട്രംപിനെ വീഴ്ത്തിയത്
1 ഇറാൻ യുദ്ധം എങ്ങുമെത്താതെ നീണ്ടതോടെ യു.എസിൽ ഇന്ധനവില കുതിച്ചു, ജീവിതച്ചെലവ് ഉയർന്നു
2 വ്യാപാര തീരുവകൾ പണപ്പെരുപ്പത്തിന് ഇടയാക്കി. അടിക്കടിയുള്ള നിലപാട് മാറ്റം ജനപ്രീതി ഇടിച്ചു
3 കുടിയേറ്റ/വിസാ നിയന്ത്രണങ്ങൾ ടെക് കമ്പനികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും തിരിച്ചടിയായി
ഇന്ത്യയ്ക്ക് ഗുണവും ദോഷവും
വിദേശനയം തീരുമാനിക്കുന്നത് പ്രസിഡന്റായതിനാൽ പ്രതിരോധ, നയതന്ത്ര ബന്ധങ്ങളെ ബാധിക്കില്ല. അതേസമയം, ട്രംപിന്റെ ഏകപക്ഷീയ തീരുവ ഭീഷണി ഒഴിഞ്ഞേക്കും. എച്ച് - 1 ബി വിസ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ ഡെമോക്രാറ്റുകൾ ചെറുത്താൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഗുണം.
ഡെമോക്രാറ്റുകൾ പൂർണമായും ഇന്ത്യാനുകൂലികളല്ല. മനുഷ്യാവകാശം, ന്യൂനപക്ഷാവകാശം തുടങ്ങി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യ പ്രതികരണങ്ങൾ നടത്താറുണ്ട്. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ, പ്രതിരോധ ഇടപാടുകളിൽ അവർക്ക് എതിർപ്പുമാണ്.
ഞാൻ ബാലറ്റിൽ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് വൻ ഭൂരിപക്ഷം കിട്ടിയേനെ
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
കക്ഷിനില
ജനപ്രതിനിധി സഭ
ഡെമോക്രാറ്റിക് 228
റിപ്പബ്ലിക്കൻ 139
ഭൂരിപക്ഷം 218
ഫലം വരാൻ 68
ആകെ സീറ്റ് 435
സെനറ്റ്
ഡെമോക്രാറ്റിക് 54
റിപ്പബ്ലിക്കൻ 44
ഭൂരിപക്ഷം 51
ഫലം വരാൻ 2
ആകെ സീറ്റ് 100
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |