SignIn
Kerala Kaumudi Online
Sunday, 28 June 2026 12.23 AM IST

കപ്പൽ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക; ഇറാന്റെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾ ആക്രമിച്ചു

READ ENGLISH VERSION

trump
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഹോർമുസ് കടലിടുക്ക്

വാഷിംഗ്‌ടൺ: ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിനുനേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടിയായാണ് യുഎസിന്റെ നടപടി. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ എന്ന ഭീമൻ ചരക്ക് കപ്പലിനുനേരെ നാല് ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.

ഇറാൻ ആക്രമണത്തിൽ ഒരു ഡ്രോൺ പതിച്ച് ചരക്ക് കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്ക് കപ്പലിനുനേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിന് തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റ‍ഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.

ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴിയും ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നാണ് ഇറാൻ വ്യക്തമാക്കിയത്. 130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ തങ്ങളുടെ മേൽകൈ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസിൽ വീണ്ടും നിലപാട് കടുപ്പിച്ചതെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US, IRAN, ATTACK, HORMUZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360