SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.29 AM IST

21-ാം വയസിൽ റിട്ടയർമെന്റോ?;​ ചർച്ചയായി വൈഭവിനെക്കുറിച്ചുള്ള മുൻ ഇംഗ്ലണ്ട് താരങ്ങളുടെ നിരീക്ഷണം

-vaibhav-suryavanshi

മുംബയ്: ലോക ക്രിക്കറ്റിലെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് കൗമാര താരമായ വൈഭവ് സൂര്യവംശി. ജസ്പ്രീത് ബുംറ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് തുടങ്ങിയ ലോകോത്തര ബൗളർമാരെ നിഷ്‌പ്ര‌‌ഭമാക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ഐപിഎല്ലിലുടനീളം കൗമാര താരം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ 35 പന്തിൽ സെഞ്ച്വറി നേടി വരവറിയിച്ച വൈഭവ്,​ ഇത്തവണത്തെ സീസണിലും തന്റെ ജൈത്രയാത്ര തുടരുകയാണ്.


ഇപ്പോഴിതാ വൈഭവിന്റെ പ്രകടനത്തെക്കുറിച്ച് മുൻ ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ വോൺ, അലിസ്റ്റർ കുക്ക്, ഫിൽ ടഫ്‌നെൽ എന്നിവർ നടത്തിയ നിരീക്ഷണമാണ് ശ്രദ്ധേയമാകുന്നത്. ഒരു പോഡ്‌കാസ്റ്റിലൂടെ വൈഭവിന്റെ ബാറ്റിംഗിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. താരത്തിന് 21 വയസാകുമ്പോൾ ക്രിക്കറ്റ് മതിയാക്കാനുള്ള സാദ്ധ്യതകളെക്കുറിച്ചാണ് മൈക്കൽ വോൺ അടക്കമുള്ള മുൻ ഇംഗ്ലീഷ് താരങ്ങളുടെ തമാശ രൂപേണയുള്ള വിലയിരുത്തൽ.

'ക്രിസ് ഗെയ്‌ലിന്റെ 30 പന്തിലെ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ 35 പന്തിലും 36 പന്തിലും ഈ പയ്യൻ സെഞ്ച്വറി നേടിക്കഴിഞ്ഞു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന അഭിഷേക് ശർമ്മയുടെ (42 സിക്സറുകൾ) റെക്കാഡിന് തൊട്ടരികിലാണ് അവൻ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സിക്‌സർ കിംഗ് ഈ കുട്ടിയാണ്.'- മൈക്കൽ വോൺ പറഞ്ഞു.

'തീർച്ചയായും. 14ാം വയസിൽ രാജസ്ഥാൻ റോയൽസ് അവനെ ടീമിലെടുത്തത് ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച നിക്ഷേപമായിരിക്കും. അടുത്ത ലേലത്തിൽ അവന് ലഭിക്കാൻ പോകുന്ന തുക ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും'.- അലിസ്റ്റർ കുക്ക് ചൂണ്ടിക്കാട്ടി.

'21 വയസാകുമ്പോഴേക്കും അവൻ ക്ഷീണിതനായേക്കും'-ഫിൽ ടഫ്‌നെൽ തമാശരൂപേണ പറഞ്ഞു. എന്നാൽ വോണിന്റെ മറുപടി രസകരമായിരുന്നു: 'അപ്പോഴേക്കും അവന്റെ കൈയിൽ ആവശ്യത്തിന് പണമുണ്ടാകും, ചിലപ്പോൾ വിരമിച്ചേക്കും'. 'അവൻ ഓരോ മത്സരത്തിലും 30 പന്തുകളല്ലേ നേരിടുന്നത്, പിന്നെങ്ങനെ ക്ഷീണിക്കാനാണ്?'- എന്ന് കുക്ക് ചോദിച്ചതും ചർച്ചയിൽ ചിരി പടർത്തി. മുൻതാരങ്ങൾ തമാശരൂപേണയാണ് ഇക്കാര്യങ്ങൾ പറഞ്ഞതെങ്കിലും ആരാധകർക്കിടയിൽ സംഭവം ചർച്ചയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAIBHAV, RETIREMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360