SignIn
Kerala Kaumudi Online
Monday, 25 May 2026 8.19 PM IST

'മികച്ചരീതിയിൽ നയിക്കാൻ എല്ലാ അവസരവും നൽകി' ഹാർദികിന്റെ ക്യാപ്‌റ്റൻസിയെക്കുറിച്ച് മുംബയ് കോച്ച് പൊള്ളാർഡ്

hardik

മുംബയ്: ഐപിഎൽ 2026 സീസണിൽ ആദ്യം പുറത്തായ രണ്ട് ടീമുകളിലൊന്ന് മുംബയ് ഇന്ത്യൻസാണ്. കഴിഞ്ഞദിവസം നടന്ന സീസണിലെ അവരുടെ അവസാന മത്സരത്തിലും വിജയം എതിരാളികളായ രാജസ്ഥാൻ റോയൽസിനായിരുന്നു. 30 റൺസിന്റെ ആ വിജയത്തോടെ രാജസ്ഥാൻ പ്‌ളേ ഓഫിൽ എത്തുകയും ചെയ്‌തു. സീസണിലെ 14 മത്സരങ്ങളിൽ നാല് മത്സരങ്ങളിലേ മുംബയ് വിജയിച്ചുള്ളൂ. ഇതിൽ വലിയ വിമർശനം നായകനായ ഹാർദിക് പാണ്ഡ്യയ്‌ക്കുമേൽ ആരാധകർ നടത്തുന്നുണ്ട്. വിജയിച്ച നാല് മത്സരങ്ങളിൽ രണ്ടിൽ മാത്രമേ ഹാർദിക് നായകനായിരുന്നുള്ളു. ഒന്നിൽ സൂര്യകുമാർ യാദവും മറ്റൊന്നിൽ ബുംറയുമായിരുന്നു നായകന്മാർ.

ഇപ്പോഴിതാ മത്സരശേഷം ഹാർദികിനെക്കുറിച്ചും ടീമിന്റെ പ്രകടനത്തെ കുറിച്ചും ബാറ്റിംഗ് കോച്ചായ കീറൻ പൊള്ളാർഡ് നടത്തിയ തുറന്നുപറച്ചിൽ ശ്രദ്ധേയമാകുകയാണ്. മാനേജ്‌മെന്റോ പാണ്ഡ്യയോ മുംബയുടെ പ്രകടനം കൊണ്ട് തൃപ്‌തരല്ലെന്ന് പൊള്ളാർഡ് പറഞ്ഞു. 'ക്യാപ്‌റ്റൻസിയുടെ കാര്യത്തിൽ ഹാർദികിനെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം ആഗ്രഹിച്ചനിലയിൽ കാര്യങ്ങൾ നടന്നിരിക്കില്ല. ഒരു മാനേജ്‌മെന്റ് സ്റ്റാഫ് എന്നനിലയിൽ ഞങ്ങൾ ആഗ്രഹിച്ചപോലെയും കാര്യങ്ങൾ നടന്നിട്ടില്ല.എന്നാൽ ഫ്രാഞ്ചൈസിയെ മികച്ചരീതിയിൽ നയിക്കാൻ എല്ലാ അവസരവും നൽകാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.'-പൊള്ളാർഡ് വ്യക്തമാക്കി.

തോൽക്കുമ്പോൾ ആരെയും‌ കുറ്റപ്പെടുത്തുകയോ വിരൽചൂണ്ടുകയോ ചെയ്യില്ലെന്നും, ചില മത്സരങ്ങൾ ജയിക്കുകയും ചിലവ തോൽക്കുകയും ചെയ്യും ഇതൊരു കൂട്ടായ വീക്ഷണകോണിൽ നോക്കി കാണേണ്ട കാര്യമാണെന്നും പൊള്ളാർഡ് വ്യക്തമാക്കി.

അതേസമയം തോൽവിയെക്കുറിച്ചും ടീമിന്റെ ഭാവിയെക്കുറിച്ചും മാറ്റങ്ങൾ വേണ്ടതിനെ കുറിച്ചും പിന്നീട് പാണ്ഡ്യയുമായി വിശാലമായി ചർച്ച ചെയ്യുമെന്നാണ് മുംബയ് ക്യാമ്പ് അറിയിക്കുന്നത്. 'ഹാർദിക് വിജയത്തിനായി ശ്രമിച്ചുകൊണ്ടേയിരുന്നു, ഞങ്ങളെല്ലാം ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ, അത് നമുക്ക് അനുകൂലമായില്ല. മുറിവുകൾ അകറ്റി 12 മാസങ്ങൾക്കകം ശക്തമായി തിരിച്ചുവരണം'-പൊള്ളാർ‌ഡ് പറയുന്നു.

ഐപി‌എൽ‌ 2024 സീസണിലാണ് ആദ്യമായി ഹാർദിക് മുംബയ് നായകനാകുന്നത്. രോഹിത്ത് ശർമ്മയെ നീക്കിയാണ് അന്ന് ഹാർദികിനെ നായകനാക്കിയത്. ആരാധകർ കൂവലോടെയാണ് ഹാർദികിനെ വരവേറ്റത്. ആ സീസണിൽ മുംബയ് തകർന്നടിഞ്ഞു. പിന്നീട് 2025 സീസണിൽ മുംബയ് പ്‌ളേയോഫിൽ കയറി. എന്നാൽ ഇത്തവണയും തകർന്നടിയുകയായിരുന്നു. ലോകകപ്പ് ട്വന്റി20 കിരീടം നേടിയ ടീമിലെ അംഗങ്ങളുണ്ടായിട്ടും ഇത്തവണ മുംബയ് പുറത്തായത് ആരാധകരിൽ വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, MI, IPL2026, POLLARD, HARDIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360