
ചെന്നൈ: ക്ഷേത്രങ്ങളിലെ വിഐപി ദർശനങ്ങൾക്കായി കൈക്കൂലി വാങ്ങുന്നത് കയ്യോടെ പിടികൂടാൻ നേരിട്ടെത്തി ദേവസ്വം മന്ത്രി. തമിഴ്‌നാട്ടിലാണ് സംഭവം. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് വിജയ് മന്ത്രിസഭയിലെ ഹിന്ദു മത, ധർമ്മ എൻഡോവ്‌മെന്റ് മന്ത്രി എസ് രമേശ് നേരിട്ടെത്തിയത്.
ക്ഷേത്ര ദർശനത്തിനായി കൈക്കൂലി വാങ്ങുന്നതായുള്ള പരാതി മന്ത്രിക്ക് നേരത്തെ ലഭിച്ചിരുന്നു. പ്രാദേശിക നേതാക്കളയോ അധികാരികളെയോ അറിയിക്കാതെ സാധാരണക്കാരന്റെ രൂപത്തിൽ കറുത്ത ടീഷർട്ടും മാസ്‌കും ധരിച്ചാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. തുടർന്ന് വിഐപി ദർശനത്തിന് കൈക്കൂലി നൽകണമെന്ന് മന്ത്രിയുടെ സഹായിയോട് ക്ഷേത്ര പൂജാരികൾ ആവശ്യപ്പെട്ടു. ജിപേയിലൂടെ 4000 രൂപയായിരുന്നു മന്ത്രിയുടെ സഹായി കൈക്കൂലിയായി നൽകിയത്. ഇതിനിടെ വന്നത് മന്ത്രിയാണെന്ന് മനസിലാക്കിയ പൂജാരികൾ മാപ്പ് എഴുതി നൽകി.
തുടർന്ന് മന്ത്രി ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളും മറ്റും പരിശോധിച്ചു. ക്ഷേത്രത്തിലെ സൗകര്യങ്ങളും കൈക്കൂലിയുമായി ബന്ധപ്പെട്ട് ഭക്തരോടും മന്ത്രി കാര്യങ്ങൾ ആരാഞ്ഞതിനുശേഷമാണ് മടങ്ങിയത്. കൂടാതെ പൂജാരിയിൽ നിന്ന് വിശദീകരണമാണ് എഴുതി വാങ്ങിയതെന്നും ഉടൻ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |