ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പ് കേസുമായി സംബന്ധിച്ച ഹർജികൾ അടിയന്തരമായി പരിഗണിക്കുന്നതിന് വിസമ്മതിച്ച് സുപ്രീം കോടതി. വേനൽ അവധിക്ക് ശേഷം കോടതി പ്രവർത്തനമാരംഭിക്കുമ്പോൾ കേസ് പരിഗണിച്ചാൽ ആകാശം ഇടിഞ്ഞ് വീഴാൻ പോകുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പക്കൽ എത്തിയ സംഭാവനകളിൽ തട്ടിപ്പ് നടന്നതായും ഇതിൽ സിബിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിച്ചത്.
ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ അടിയന്തരമായി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചത്. കോടതിയുടെ രജിസ്ട്രിക്കും ബന്ധപ്പെട്ട അധികൃതർക്കും വിഷയത്തിന്റെ അടിയന്തര സ്വഭാവം ബോധ്യപ്പെട്ടാൽ മാത്രമേ ഹർജികൾ ഉടൻ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്ന് ബെഞ്ച് വ്യക്തമാക്കി. ജൂലായ് 12 മുതൽ 17 വരെയുള്ള ആഴ്ചയിൽ ഹർജി പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
അയോദ്ധ്യയിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരായ അഡ്വ. അജയ് കുമാർ റായ്, അഡ്വ. ദിനേഷ് കുമാർ യാദവ്, അഡ്വ. എൻ കെ ഗോസ്വാമി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിർണായക തെളിവുകൾ ശരിയായി സംരക്ഷിക്കപ്പെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി. ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഹർജി സമർപ്പിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റി അനിൽ മിശ്ര ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന ട്രസ്റ്റ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |