
ന്യൂഡല്‍ഹി: അധികാര തര്‍ക്കം രൂക്ഷമായ കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ - സിദ്ധരാമയ്യ പോരിന് താത്കാലിക വിരാമം. സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകില്ലെന്നും പ്രചരിക്കുന്ന മറ്റ് കാര്യങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും എഐസിസി നേതൃത്വം സ്ഥിരീകരിച്ചു. കര്‍ണാടകയിലെ നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് നേതൃമാറ്റമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. എന്നാല്‍ ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
കര്‍ണാടകയിലെ നേതാക്കളെ ഹൈക്കമാന്‍ഡ് വിളിച്ചുവരുത്തിയത് രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാനാണ്. സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളെ കുറിച്ചാണ് ചര്‍ച്ച നടത്തിയത്. മറ്റ് കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാദ്ധ്യമങ്ങള്‍ ഒഴിവാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്നും ടേം വ്യവസ്ഥ അനുസരിച്ചുള്ള അധികാര കൈമാറ്റം ഇനിയും വൈകരുതെന്നുമാണ് ഡികെ ശിവകുമാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ നേതൃമാറ്റം ആവശ്യമില്ലെന്നും സംസ്ഥാനത്ത് നിലവിലെ സ്ഥിതി തുടരണമെന്നും കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ള മറുവിഭാഗം സിദ്ധരാമയ്യയെ പിന്തുണച്ചുകൊണ്ട് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. എന്തായാലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കര്‍ണാടകയില്‍ അഞ്ച് വര്‍ഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും തുടരും.
ഈ മാസം 20നാണു കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയത്. രണ്ടര വര്‍ഷം വീതം സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിപദം പങ്കിടുമെന്ന ധാരണയുണ്ടെന്നാണ് ശിവകുമാറിനെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |