SignIn
Kerala Kaumudi Online
Thursday, 27 August 2026 10.02 PM IST

ഇസ്‌ലാമിക് നാറ്റോ  ബംഗ്ലാദേശിലേക്കും,​ സഖ്യം ഇന്ത്യയുടെ എതിർപക്ഷ രാജ്യങ്ങൾ തമ്മിൽ

islamic-nato-

ന്യൂഡൽഹി: തുർക്കി,​സൗദി അറേബ്യ,​പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഇസ്‌ലാമിക് നാറ്റോ സഖ്യത്തിൽ ബംഗ്ലാദേശും ചേരാൻ സാദ്ധ്യത. സഖ്യത്തിലേക്ക് ബംഗ്ലാദേശിനെ ക്ഷണിച്ചുവെന്നാണ് റിപ്പോർട്ട്.

അമേരിക്കയുമായി നേർക്കുനേർ കൊമ്പുകോർക്കുന്ന ഇറാനും ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. ഒരു അംഗരാജ്യത്തിനു നേരെയുണ്ടാകുന്ന സായുധ ആക്രമണത്തെ തങ്ങൾക്കു നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് മക്ക സംയുക്ത പ്രതിരോധ കരാറിൽ തുർക്കിയും ​സൗദി അറേബ്യയും ​പാകിസ്ഥാനും പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് കൂടി ചേരുന്നതിനെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. രാജ്യതാത്പര്യവും സാമ്പത്തിക-വ്യാപാര വിഷയങ്ങളും മാത്രമാണ് തങ്ങളുടെ പരിഗണനയെന്ന് വിശ്വസിപ്പിക്കാനാണ് ബംഗ്ലാദേശിന്റെ ശ്രമം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ഇന്നലെ മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമാണ്. ഡൽഹിയിൽ സെപ്‌തംബർ 12.13 തീയതികളിൽ നടക്കുന്ന ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോടിയിലേക്ക് പുടിനെ ക്ഷണിച്ചിട്ടുണ്ട് . ബീജിംഗിലെത്തിയ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ സെംഗ്,​വിദേശകാര്യമന്ത്രി വാങ് യീ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിലെ സമാധാനം അടക്കം ചർച്ചയാകും.

ഇന്ത്യ മുന്നിൽ കാണുന്നത്

1. പാകിസ്ഥാനുമായി ബംഗ്ളാദേശിന്റെ ബന്ധം വിപുലമാകും

2. ബംഗ്ളാദേശിൽ പാകിസ്ഥാന് ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ തന്ത്രപ്രധാന സ്ഥാനം

3.ബംഗ്ലാദേശിന്റെ മണ്ണ് പാകിസ്ഥാന്റെ സൈനിക നീക്കങ്ങൾക്ക് വിട്ടുകൊടുക്കാൻ സാദ്ധ്യത

4.ബംഗ്ലാദേശുമായുള്ള ഗംഗാജലം പങ്കിടൽ കരാർ ഈ വർഷം ഡിസംബറിൽ അവസാനിക്കും. അതിലടക്കം ഇന്ത്യയി വിലപേശുമോ എന്നതും പ്രശ്നമാണ്

ആ വിമാനങ്ങളിൽ

ആയുധങ്ങളോ?

ഓഗസ്റ്റ് 19നും 21നുമിടയിൽ ചൈനയുടെയും തുർക്കിയുടെയും യുദ്ധവിമാനങ്ങൾ തുടർച്ചയായി പാകിസ്ഥാനിലെത്തി. തുർക്കിഷ് സി-130 ഹെർക്കുലിസ് യുദ്ധവിമാനങ്ങളും,ചൈനീസ് മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനങ്ങളും റാവൽപിണ്ടിയിലെയും കറാച്ചിയിലെയും വ്യോമസേനാ താവളങ്ങളിലാണ് എത്തിയത്. പാകിസ്ഥാന് വൻതോതിൽ ആയുധങ്ങളും ഡ്രോണുകളും കൈമാറിയെന്നാണ് റിപ്പോ‌ർട്ടുകൾ. ബംഗ്ലാദേശിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥ സംഘവും കഴിഞ്ഞദിവസം ഇസ്ലാമാബാദിലെത്തി. ഇതിനിടെ, പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീർ ഇന്നലെ ഇറാനിലെത്തി. അമേരിക്കയ്‌ക്കും ഇറാനുമിടയിൽ ഇടനില നിന്ന് തർക്കങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY