SignIn
Kerala Kaumudi Online
Saturday, 06 June 2026 2.17 AM IST

ബിജെപിയിൽ നിന്ന് രാജിവച്ച് അണ്ണാമലൈ; പുതിയ പാർട്ടിക്ക് സാദ്ധ്യത

READ ENGLISH VERSION
anna-malai

ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, അണ്ണാമലൈയുടെ രാജി അംഗീകരിച്ചു. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ അണ്ണാമലൈ പാർട്ടി വിടുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് സമൂഹ മാദ്ധ്യമത്തിലൂടെ നടക്കാനിരിക്കുന്ന സംവാദത്തിൽ അണ്ണാമലൈ തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. രജനീകാന്തിനൊപ്പം പ്രവർത്തിക്കുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.

തിങ്കളാഴ്ച മുതൽ ഡൽഹിയിൽ തമ്പടിച്ചിരിക്കുന്ന അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയാണ് പാർട്ടി വിടാനുള്ള തീരുമാനം അറിയിച്ചത്. ചെന്നൈയിലേക്ക് മടങ്ങുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നാണ് സൂചനകൾ.

'എന്റെ ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാനും നേർക്കുനേർ തുറന്നൊരു സംവാദം നടത്താനുമായി സോഷ്യൽ മീഡിയയിലൂടെ നിങ്ങളെ ഏവരെയും കാണാൻ അതിയായ ആഗ്രഹത്തോടെ ഞാൻ കാത്തിരിക്കുന്നു.' രാജിവച്ചതിന് പിന്നാലെ അണ്ണാമലൈ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കർണാടക കേഡറിലെ പ്രശസ്തനായ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കുപ്പുസാമി അണ്ണാമലൈ, പൊലീസ് വേഷം അഴിച്ചുവച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ആരാധകർക്കിടയിൽ 'സിങ്കം' എന്ന പേരിൽ അറിയപ്പെടുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.

2020ലാണ് അണ്ണാമലൈ ബിജെപിയിൽ ചേരുന്നത്. തൊട്ടടുത്ത വർഷം, അന്നത്തെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന എൽ. മുരുകൻ കേന്ദ്രമന്ത്രിയായി ഉയർത്തപ്പെട്ടതോടെ അണ്ണാമലൈയെ തമിഴ്നാട് ബിജെപിയുടെ അമരക്കാരനായി പാർട്ടി നിയമിക്കുകയായിരുന്നു. എന്നാൽ, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തമിഴ്നാട്ടിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എൻഡിഎയുടെ ഭാഗമായ എഐഎഡിഎംകെയുമായുള്ള ഭിന്നതകളും ഇപ്പോൾ അണ്ണാമലൈയുടെ രാജിയിൽ കലാശിച്ചതെന്നാണ് വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, ANNAMALAI, RESIGNATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360