
ന്യൂഡൽഹി: ഇരുപത്തിയൊന്നു പേരുടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ ഹോട്ടൽ തീപിടിത്തത്തിൽ നിർണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രധാന പാചകക്കാരൻ. അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓണാക്കിയതിന് തൊട്ടുപിന്നാലെയാണ് തീ പടർന്നതെന്ന് കേശവ് നേഗി പൊലീസിന് മൊഴി നൽകി. ഓൺ ചെയ്തതിനു പിന്നാലെ സ്റ്റൗ പൊട്ടിത്തെറിക്കുകയും കെട്ടിടത്തിൽ തീ വേഗത്തിൽ പടർന്നതായും ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
പുകയും തീയും ഹോട്ടലിൽ പടർന്നതോടെ പരിഭ്രാന്തനായ താൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേശവ് നേഗിന്റെ മൊഴി. അതേസമയം, രക്ഷപ്പെടുന്നതിന് മുൻപ് ഇയാൾ ഹോട്ടലിലെ പ്രധാന വൈദ്യുതിബന്ധം വിച്ഛേദിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കെട്ടിടത്തിന്റെ പ്രധാന ഇലക്ട്രോണിക് ഡോർ ലോക്കിംഗ് സിസ്റ്റം പ്രവർത്തനരഹിതമാകുന്നതിന് കാരണമായെന്നാണ് കണ്ടെത്തൽ. തീപടർന്ന സമയത്ത് ഹോട്ടലിനുള്ളിൽ അകപ്പെട്ടവർക്ക് രക്ഷപ്പെടാൻ കഴിയാതെ വന്നത് ഇക്കാരണംകൊണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസമാണ് ഹൗസ് റാണി പ്രദേശത്തെ ഫ്ലൊറിഷ് സ്റ്റേയ്സ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലെ പാചകക്കാരനായ കേശവ് നേഗ് അറസ്റ്റിലായത്. ഇയാളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ മറ്റ് ചില ജീവനക്കാരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ബുധനാഴ്ച രാജ്യതലസ്ഥാനത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഒരു 16 വയസുകാരിയും കിർഗിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേശ്, ഇറാഖ്, കോംഗോ, മൊസാംബിക്, ലൈബീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദേശികളുമടക്കം 21 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും സമീപത്തുള്ള മാക്സ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വിദേശികളായിരുന്നു. പൊള്ളലേറ്റതിനേക്കാൾ അമിതമായി പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരണപ്പെട്ടതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹോട്ടൽ ഉടമ ലോകേഷ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |