ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അതിർത്തി മേഖലയിൽ ചൈനീസ് സൈന്യം ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിലേക്ക് 40 മുതൽ 50 കിലോമീറ്റർ വരെ കടന്നുകയറിയെന്ന് കോൺഗ്രസ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ബോസിറാം ശ്രീറാം. അപ്പർ സുബൻസിരി ജില്ലയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഉണ്ടായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിലെ സാഹചര്യം നേരിട്ടറിയുന്നതിനായി കോൺഗ്രസ് പ്രതിനിധി സംഘം നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ് ബോസിറാം സിറാം ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ അത്തരത്തിൽ യാതൊരു സ്ഥിരീകരിക്കപ്പെട്ട വിവരവും ലഭിച്ചിട്ടില്ലെന്നാണ് വിഷയത്തിൽ അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചത്.
ഓഗസ്റ്റ് 26 മുതൽ 29 വരെ നടത്തിയ സന്ദർശനത്തിൽ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുമായി സംഘം ആശയവിനിമയം നടത്തിയിരുന്നു. ഇറ്റാനഗറിൽനിന്ന് നാചോ വഴി ലൈംകിങ്, തക്സിംഗ് എന്നീ അതിർത്തി പ്രദേശങ്ങളിലേക്കാണ് സംഘം യാത്ര ചെയ്തത്. പ്രദേശവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് സിറാം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
ജൂലായ് അവസാന വാരത്തിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷമുണ്ടായെന്നാണ് പ്രദേശവാസികളിൽനിന്ന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് സിറാം പറഞ്ഞു. സൈനികർ തമ്മിൽ കൈയാങ്കളിയും വടികൾ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലും നടന്നതായും അദ്ദേഹം ആരോപിച്ചു. അതിർത്തിയിലെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ മുഖാമുഖം നിൽക്കുന്ന സാഹചര്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യൻ പ്രദേശത്ത് ചൈനീസ് പട്ടാളം 40-50 കിലോ മീറ്റർ വരെ ഉള്ളിലേക്ക് കയറിക്കഴിഞ്ഞു. ഇടയ്ക്കിടെ അവരവിടെ തങ്ങാറുമുണ്ട്. അവർ മലമുകളിലും നമ്മൾ ഇന്ത്യാക്കാർ താഴ്‌വാരത്തുമാണുള്ളത്".- അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ സൈനിക സാഹചര്യം മാത്രമല്ല, പ്രദേശവാസികളുടെ ദൈനംദിന ജീവിതവും ഉപജീവനമാർഗങ്ങളും പ്രതിസന്ധിയിലാണെന്നും അദ്ദേഹം ആരോപിച്ചു.
Congress leader Bosiram Siram alleged Chinese army intrusion of 40-50 km into Indian territory in Arunachal Pradesh's Upper Subansiri district, following a delegation visit. Siram claimed local residents reported July clashes. However, Chief Minister Pema Khandu stated no confirmed information exists. Siram also reported Chinese troops occupying higher ground, impacting livelihoods.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |