ന്യൂഡൽഹി: രാജ്യത്ത് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് യുവാക്കൾ നടത്തുന്ന പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തിന് പിന്നാലെ പരിഹാസവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അദ്ധ്യക്ഷൻ. യുവാക്കളുടെ ക്ഷേമത്തേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ മുൻനിർത്തിയാണ് സിജെപി അദ്ധ്യക്ഷൻ അഭിജീത് ദീപ്കെ പരിഹാസവുമായി രംഗത്തെത്തിയത്.
യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന ഉറപ്പുനൽകുന്നുവെന്നാണ് നരേന്ദ്ര മോദി പ്രതികരിച്ചത്. യുവജനക്ഷേമവുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ചോദ്യപ്പേപ്പർ ചോർച്ച കേസുകൾ അതിവേഗം തീർപ്പാക്കുന്നതിന് രാജ്യത്ത് ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റിന്റെ ആദ്യ വാചകം കടമെടുത്താണ് പരിഹാസരൂപേണയുള്ള മറുപടി അഭിജീത് ദീപ്കെ നൽകിയിരിക്കുന്നത്.
'നത്തിംഗ് ഈസ് മോർ ഇംപോർട്ടന്റ്...' എന്ന് തുടങ്ങുന്ന പോസ്റ്റിലെ ആദ്യത്തെ വരിയാണ് നർമം കലർന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ചിത്രത്തിൽ ‘ഹായ്, എന്റെ പേര് നത്തിംഗ്' എന്ന കുറിപ്പോടെ യാണ് അഭിജീത് പ്രതികരിച്ചിരിക്കുന്നത്. നത്തിംഗ് എന്നാൽ ധർമ്മേന്ദ്ര പ്രധാൻ ആണെന്നും മറ്റെന്തിനേക്കാൾ മോദി പ്രധാന്യം നൽകുന്നത് അദ്ദേഹത്തിനാണെന്നുമാണ് സിജെപി അദ്ധ്യക്ഷന്റെ പോസ്റ്റ്.
ജന്തർ മന്തറിന് മുന്നിൽ സിജെപി നടത്തിവരുന്ന പ്രതിഷേധം കൂടുതൽ ശ്രദ്ധേയമാകുന്നതിനിടയിലാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ടെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് സിജെപിയുടെ നിലപാട്.
Prime Minister Narendra Modi addressed youth protests over paper leaks, stating nothing is more important than youth welfare and promising action against culprits, including fast-track courts. In response, Cockroach Janata Party (CJP) President Abhijit Deepke satirically linked Education Minister Dharmendra Pradhan to "nothing" in a social media post, demanding his resignation amidst ongoing protests.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |