
തൃശൂർ: 'സന്തോഷമുണ്ട്. നിത്യയുടെ വിജയവാർത്ത അറിയാനുള്ള കാത്തിരിപ്പിലാണ്. ധർമ്മശാസ്താ അമ്പലത്തിൽ ഗണപതിഹോമം, രുദ്രാഭിഷേകം, ഭാഗ്യസൂക്തം എന്നീ വഴിപാടുകളെല്ലാം ചെയ്തിട്ടുണ്ട്". അമേരിക്കയിലെ ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ സഹോദരീപൗത്രി നിത്യ വി.രാമൻ ലീഡ് ചെയ്യുന്ന സന്തോഷത്തിലാണ് തൃശൂർ പഴയനടക്കാവ് ശ്രീശ്രുതി വീട്ടിൽ പ്രൊഫ. ടി.കെ.ദേവനാരായണൻ.
സഹോദരി സി.കെ.ഭവാനിയുടെ മകളായ സുധയുടെ മകളാണ് 45കാരിയായ നിത്യ. 'സുധ വിളിച്ചിരുന്നു, നേരിയ ലീഡേയുള്ളൂ എന്നാണ് പറഞ്ഞത്." ദേവനാരായണൻ കേരളകൗമുദിയോട് പറഞ്ഞു. കെൽട്രോൺ ജീവനക്കാരനായിരുന്ന വെങ്കിട്ടരാമന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥ സുധയുടെയും മകളായ നിത്യ 1981ൽ തൃശൂരിലാണ് ജനിച്ചത്. തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽതെരുവിലാണ് കെൽട്രോണിലായിരുന്നു വെങ്കട്ടരാമൻ താമസിച്ചിരുന്നത്. തുടർന്ന് തൃശൂരിലേക്ക് പോയ നിത്യ അവിടെ ഭാരതീയ വിദ്യാഭവൻ നടനനികേതനിലായിരുന്നു ഒന്നാംക്ലാസ് വരെ പഠനം. ആറാം വയസിൽ പിതാവിന് വെർടെക്‌സ് കമ്പനിയുടെ സി.ഇ.ഒയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം അമേരിക്കയിലേക്ക് പോയി. ഹാർവാർഡ് സർവകലാശാലയിലും എം.ഐ.ടിയിലുമായിരുന്നു ഉപരിപഠനം. നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദം നേടി.
ഹാർവാർഡ് പഠനത്തിനിടെ പരിചയപ്പെട്ട ഹോളിവുഡ് ടി.വി തിരക്കഥാകൃത്ത് വാലി ചന്ദ്രശേഖരനാണ് നിത്യയുടെ പങ്കാളി. ലോസ് ആഞ്ചലസിലെ സിൽവർ ലേക്കിലാണ് താമസം. കർണ, കാവേരി എന്നീ ഇരട്ടക്കുട്ടികളുണ്ട്. നിത്യയുടെ സഹോദരൻ ആകാശ് വി.രാമൻ യു.എസിൽ സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നു.
നൃത്തത്തിൽ താത്പര്യം
നൃത്തത്തിലും തത്പരയായ നിത്യ ഭരതനാട്യവും അഭ്യസിച്ചിരുന്നതായി പ്രൊഫ. ടി.കെ.ദേവനാരായണൻ പറയുന്നു. 2019ൽ ഒരു കുടുംബയോഗത്തിനാണ് നിത്യ ഒടുവിൽ തൃശൂരിലെത്തിയത്. നിലവിലെ മേയർ കാരൻ ബാസാണ് നിത്യയുടെ എതിരാളി. 2020ൽ രാഷ്ട്രീയപ്രവേശനം നടത്തിയ നിത്യ കൗൺസിൽ അംഗമായിരുന്ന ഡേവിഡ് റ്യുവിനെ പരാജയപ്പെടുത്തി. പിന്നീട് 2024ൽ ഈത്തൻ വീവറിനെ തോൽപ്പിച്ച് വിജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |