തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച 7 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനെതിരെ കേസ്. ശംഭു ആർ.കൃഷ്ണനെതിരെയാണ് പേരൂർക്കട പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. തട്ടിയെടുത്ത പണം ഓൺലൈൻ ചൂതാട്ടത്തിനായി വിനിയോഗിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.
ഏഴ് പേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമാണ് ശംഭു. എസ്.എ.പിയിലെ കെ.എ.പി.3,കെ.എ.പി 5 ബറ്റാലിയനുകളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികൾക്ക് യൂണിഫോം തുണികൾ വാങ്ങാനും അത് തയ്ക്കാനുമുള്ള പണം ശംഭുവാണ് പിരിച്ചത്. ഇത് എസ്.എ.പി ഡ്രൈ കാന്റീനിലും വിത്സൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും അടക്കണം. എന്നാൽ സമാഹരിച്ച തുക ഡ്രൈ കാന്റീനിലോ യൂണിഫോം സൊസൈറ്റിയിലോ അടച്ചില്ല. ട്രെയിനികൾ ചോദ്യം ചെയ്തപ്പോഴാണ് ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ട്ടമായെന്ന് ശംഭു പറഞ്ഞത്. ഉടൻ തന്നെ എസ്.എ.പി ബറ്റാലിയനിലെ താത്കാലിക കമാൻഡന്റ് മുജീബ് റഹ്മാൻ പേരൂർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു.
60,000 രൂപ വരെ കൈമാറി
-----------------------------------------------
ജൂലായ് 3 മുതൽ 13 വരെ ട്രെയിനികളിൽ നിന്ന് പണം പ്രതിയുടെ മൊബൈൽ നമ്പറിലേക്ക് കൈമാറിയതായി എഫ്.ഐ.ആറിൽ പറയുന്നു. 10,000 രൂപ മുതൽ 60,000 രൂപ വരെ കൈമാറിയിട്ടുണ്ട്. നാലാം പ്ലാറ്റൂണിലെ ആർ.ടി.പി.സി 139ൽ നിന്ന് ജൂലായ് 5ന് 44,000 രൂപയും ജൂലായ് 6ന് 41,800 രൂപയും നൽകിയതായി രേഖയിലുണ്ട്. അഞ്ചാം പ്ലാറ്റൂണിലെ ആർ.ടി.പി.സി 104ൽ നിന്ന് ജൂലായ് 6,7 ദിവസങ്ങളിൽ 33,000 രൂപ വീതവും കൈമാറി. ആകെ 7,18 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശംഭുവിന്റെ ബാങ്ക് വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ ബറ്റാലിയൻ മേധാവിക്ക് റിപ്പോർട്ട് നൽകി. ശംഭുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്കും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |