
ആറ്റിങ്ങൽ: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ്സ് കടയിലേയ്ക്ക് ഇടിച്ചു കയറി നാല് കുട്ടികൾക്ക് പരിക്കേറ്റു. ചിറയിൻകീഴ് മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് 4.15 നായിരുന്നു സംഭവം. ആറ്റിങ്ങലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം മദർ ഇന്ത്യ ഇന്റർനാഷ്ണൽ പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവർ ആറ്റിങ്ങൽ കൊടുമൺ വിജയാഭവനിൽ മുരളീധരൻ നായർ (60) ആണ് ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണത്. മുരളീധരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുടപുരം ഭാഗത്ത് നിന്ന് മുട്ടപ്പലം വഴി അഴൂരിലേക്ക് കുട്ടികളുമായി വരികയായിരുന്നു സ്കൂൾബസ്.
മുട്ടപ്പലം ജംഗ്ഷനിൽ എത്തിയതും ഡ്രൈവർ, സീറ്റിൽ നിന്ന് സൈഡിലേയ്ക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന സ്‌കൂൾ ജീവനക്കാരി നിലവിളിച്ച് ഡ്രൈവറുടെ അടുത്ത് എത്തിയെങ്കിലും ബസ്സ് ജംഗ്ഷനു നേരയുളള അടഞ്ഞ കടയിലേയ്ക്ക് ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിലാണ് ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പരിക്കേറ്റത്. വിദ്യാർത്ഥികളായ അല്‍ഫൈസ്(12), അബൈദാസ് (13), ആദിഷ്(10) എന്നിവർക്കാണ് നിസാര പരിക്കേറ്റത്. അദീഷ് (12) പല്ലിന് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കി വിട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവറെയും കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുരളിധരൻ നായറുടെ ഭാര്യ: പരേതയായ വിജയമ്മ. മക്കൾ : അജേഷ്, അജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |