
തൃശൂർ: സൗദിയിൽ ജോലിയും ഉംറയും വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഇരകളായ മലയാളിയടക്കമുള്ളവർ വധശിക്ഷാ ഭീഷണിയിൽ.
തൃശൂർ കുന്നംകുളം കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫിന് പുറമേ, പശ്ചിമബംഗാൾ സ്വദേശികളായ എസ്.കെ.കമാൽ, കഫിജുൽ ഷെയ്ഖ്, അബ്രഹാം ഷെയ്ഖ്, സൗദിൻ ഷെയ്ഖ്, നാസിമുദ്ദീൻ അബ്ദുൽ ബാരി, അജീഗുൽ ഗാസി, ജാഹിർ ഉദ്ദീൻ ഷെയ്ഖ് എന്നിവരാണ് ജിദ്ദ ജയിലിൽ കഴിയുന്നത്.
പാലസ്തീൻ, സുഡാൻ കുട്ടികൾക്കുള്ള മധുരപലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നുകളും എന്നു വിശ്വസിപ്പിച്ച് കാർട്ടനുകളിലാക്കിയ ലഹരിവസ്തുക്കൾ ഇവരെ ഏൽപ്പിക്കുകയായിരുന്നു. വിസിറ്റിംഗ് വിസയിൽ ജോലിയും സൗജന്യ ഉംറയുമായിരുന്നു വാഗ്ദാനം. മൂന്നുമാസത്തിനുശേഷം തിരിച്ചുവരാമെന്നും പിന്നീട് സ്ഥിരംവിസ ശരിയാക്കാമെന്നും വിശ്വസിപ്പിച്ചാണ് തൃശൂർ കൊച്ചന്നൂർ സ്വദേശിയായ ആഷിക്, മലപ്പുറം സ്വദേശി അലി എന്നിവർ തട്ടിപ്പ് നടത്തിയതത്രേ.
ഉമർ ഷരീഫിന്റെ സുഹൃത്ത് കൂടിയാണ് ആഷിക്. ഈ ഓഗസ്റ്റ് 10ന് കോയമ്പത്തൂർ വഴി ജിദ്ദ കിംഗ് അബ്ദുൽ അസിസ് വിമാനത്താവളത്തിലെത്തിയവരിൽ നിന്നു നിരോധിത 'പ്രീഗബാലിൻ' മരുന്നുകളാണ് പിടിച്ചെടുത്തത്. ജിദ്ദയിലെ നാലാം സംയുക്ത ജുഡിഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസ്, ബംഗാളി പരിഭാഷകനെ കിട്ടാത്തതിനാൽ മാറ്റിവച്ചെങ്കിലും സൗദി ആന്റി നാർക്കോട്ടിക്‌സ് നിയമപ്രകാരം പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ ആവശ്യം.
ഓരോ പ്രതിക്കും ലക്ഷക്കണക്കിന് റിയാൽ പിഴ ചുമത്താൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമർ ഷരീഫിന് 2,99,799.78 റിയാലും, എബ്രഹാം ഷെയ്ഖിന് 3,14,370 റിയാലും ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. മറ്റ് പ്രതികൾക്കും പിഴ ചുമത്തിയിട്ടുണ്ട്.
ഭർത്താവ് നിരപരാധിയെന്ന് ഹാജറ
ഭർത്താവ് നിരപരാധിയാണെന്നും യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഉമർ ഷരീഫിന്റെ ഭാര്യ ഹാജറ മുഖ്യമന്ത്രി, ഡി.ജി.പി, കുന്നംകുളം പൊലീസ് എന്നിവർക്കും ഇ.ടി.മുഹമ്മദ് ബഷീർ എം.പി മുഖേന സൗദി ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകിയിട്ടുണ്ട്. സൗദിയിലെ വധശിക്ഷാ ഭീഷണിയിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |