SignIn
Kerala Kaumudi Online
Thursday, 03 September 2026 8.14 PM IST

റിസർവേഷൻ ടിക്കറ്റ് ഉണ്ടായിട്ടും രാത്രി ട്രെയിനിൽ നിന്നിറക്കിവിട്ട യാത്രക്കാരിക്ക് 2 ലക്ഷം നൽകണം

READ ENGLISH VERSION
ticket

തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യുവതിയെ അർദ്ധരാത്രി ട്രെയിനിൽ നിന്നിറക്കിവിട്ടു. ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന് പറഞ്ഞ് അറസ്റ്റുചെയ്തു. കേസിന്റെ പേരിൽ ജോലിയും നഷ്ടപ്പെട്ടു. കൊടും അപമാനവും മാനസികപീഡനവും സഹിക്കേണ്ടിവന്ന യാത്രക്കാരിക്ക് റെയിൽവേ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

റിസർവേഷനിൽ ഉദ്യോഗസ്ഥൻ വരുത്തിയ പിശകാണ് യാത്രക്കാരിക്ക് വിനയായത്. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് പണം തിരിച്ചുപിടിക്കണം. തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്.

ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയോട് റെയിൽവെ കാണിച്ചത് നീതിപൂർവ്വമല്ലാത്ത നടപടിയാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. അന്തസോടെ ജീവിക്കുക എന്ന ഭരണഘടനാവകാശം പോലും ലംഘിക്കപ്പെട്ടു.

2023 ജൂലായ് 30ന് വടക്കാഞ്ചേരിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ദുരനുഭവം. എസ്- 4 കംപാർട്ട്മെന്റിൽ 41-ാം നമ്പർ ബർത്ത് അനുവദിച്ചിരുന്നു. ബർത്തിലെത്തിയപ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചിരിക്കുന്നു. ടി.ടി.ഇയെ കണ്ടപ്പോൾ ഓൺലൈനായി ടിക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ടെന്ന് മറുപടി. 500 രൂപ പിഴയടച്ചാൽ മറ്റൊരു ബർത്ത് നൽകാമെന്നും അറിയിച്ചു. താനറിയാതെ ആരാണ് ക്യാൻസൽ ചെയ്തതെന്ന് ചോദിച്ചെങ്കിലും ടി.ടി.ഇ മറുപടി നൽകിയില്ല.

അർദ്ധരാത്രിയായതിനാൽ ഇറക്കി വിടരുതെന്ന് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർ.പി.എഫിനെ ഏൽപ്പിച്ചു. അവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. തെറ്റ് മനസിലാക്കിയ റെയിൽവെ പിന്നീട് കേസ് പിൻവലിച്ചു.

ക്രിമിനൽ കേസിന്റെ പേരിൽ സർക്കാരിലുണ്ടായിരുന്ന കരാർ ജോലിയാണ് നഷ്ടമായത്. ഇതിനെതിരെ സർക്കാരിന് അപേക്ഷ നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. തുക വൈകിയാൽ 8% പലിശ നൽകണം. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ റെയിൽവേ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

മൊബൈൽ നമ്പരിലെ ഒരക്കം തെറ്രിച്ചു

മറ്റൊരാൾ ടിക്കറ്റ് ക്യാൻസലാക്കി

റിസർവേഷൻ ഫോമിൽ യാത്രക്കാരി എഴുതിനൽകിയ മൊബൈൽ ഫോൺ നമ്പറിലെ ഒരക്കം ബുക്കിംഗ് സൈറ്റിൽ ഉദ്യോഗസ്ഥൻ തെറ്റിക്കുകയായിരുന്നു. കൊമേഴ്സ്യൽ മാനേജരുടെ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയത്. റിസർവേഷനുമായി ബന്ധപ്പെട്ട് മെസേജ് പോയത് മാറിയ നമ്പറിലേക്കാണ്. മെസേജ് ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്തതിനാൽ ഓൺലൈനിൽ ക്യാൻസൽ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA