SignIn
Kerala Kaumudi Online
Saturday, 26 September 2026 4.38 AM IST

ജനനേന്ദ്രിയം തകർത്ത കേസ്: രണ്ട് പൊലീസുകാർക്ക് കൂടി സസ്പെൻഷൻ

READ ENGLISH VERSION
1

കൊല്ലം:പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ പിടികൂടാനെത്തിയ പൊലീസ് സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച്, ജനനേന്ദ്രിയം ഞെരിച്ചുതകർത്തെന്ന പരാതിയിൽ രണ്ട് പൊലീസുകാർക്ക് കൂടി സസ്പെൻഷൻ.

നിലവിൽ കാസർകോട് ബേക്കൽ സ്റ്റേഷനിലെ എസ്.ഐയും സംഭവം നടക്കുമ്പോൾ ശാസ്താംകോട്ട എസ്.ഐയുമായിരുന്ന കെ.പി.ശരത്ത്, ശാസ്താംകോട്ട സ്റ്റേഷനിലെ ഡ്രൈവറായ ജെ.കെ.ഫൈസൽ എന്നിവരെയാണ് ഐ.ജി.ഹർഷിത അട്ടല്ലൂരി സസ്പെൻഡ് ചെയ്തത്.

ശാസ്താംകോട്ട ഗ്രേഡ് എസ്.ഐ ആർ.ശ്രീകുമാർ, സി.പി.ഒ വിപിൻകുമാർ എന്നിവരെ രണ്ടുദിവസം മുമ്പ് റൂറൽ എസ്.പി സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാർക്ക് വീഴ്ചയുണ്ടെന്ന പത്തനംതിട്ട എസ്.പി ആർ.ആനന്ദിന്റെ റിപ്പോർട്ടിലാണ് നടപടി. മേയ് 29നായിരുന്നു സംഭവം. അടൂർ പെരിങ്ങനാട് വള്ളിവിള വടക്കേതിൽ സുകുവിന്റെ മകൻ അഭിജിത്തിനാണ് (23) മർദ്ദനമേറ്റത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ അഭിജിത്തിന്റെ സഹോദരൻ അഭിഷേകിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. അഭിഷേകിനെ കസ്റ്റഡിയിലെടുക്കാൻ, രാത്രി മാരുതി സ്വിഫ്ട് കാറിലെത്തിയ പൊലീസ് സഹോദരനെവിടെയെന്ന് ചോദിച്ച് അഭിജിത്തിനെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി മർദ്ദിക്കുകയായിരുന്നു.

അഭിഷേകിനെ കസ്റ്റഡിയിലെടുത്തതോടെ, രാത്രി തന്നെ വീടിന് സമീപം അഭിജിത്തിനെ ഇറക്കിവിട്ടു. പിറ്റേന്ന് മൂത്രതടസത്തിനൊപ്പം ജനനേന്ദ്രിയത്തിന് വേദനയും അനുഭവപ്പെട്ടതോടെ അഭിജിത്ത് അടൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യആശുപത്രിയിലും ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടും മൊഴിയെടുക്കാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറായില്ല. വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA