SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.51 PM IST

'മുതിർന്ന താരങ്ങൾ  ആവശ്യപ്പെട്ടാൽ  രാജിവയ്ക്കാൻ തയ്യാർ, എക്സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ എന്നെ ലക്ഷ്യം വയ്ക്കുന്നു'

shwetha-menon

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തരകലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് പ്രസിഡന്റ് ശ്വേതാ മേനോൻ. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാമെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാൽ സംഭവത്തിൽ ഇതുവരെ മുതിർന്ന താരങ്ങൾ ആരും പരസ്യപ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധയേമാണ്.

എക്സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്നും കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും ശ്വേത പറഞ്ഞു. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അതിൽ സംഘടനയ്ക്ക് ചെയ്യാൻ ഒന്നുമില്ല. പറയാനുള്ള ജനറൽ ബോഡിയിൽ പറയുമെന്നും നടി വ്യക്തമാക്കി.

അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങൾ പുറത്തുവന്നത്. അമ്മ ഭരണസമിതി അംഗമായ ടിനി ടോമിനെതിരെ അൻസിബയ്ക്ക് പിന്നാലെ നീന കുറുപ്പും ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ജിഹാദിയെന്ന് ടിനി ടോം വിളിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നുമാണ് അൻസിബ വെളിപ്പെടുത്തിയത്. കുടുംബസംഗമത്തിനിടെ ടിനി ടോം കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് നീന ഭാരവാഹികൾക്ക് പരാതി നൽകിയത്.

അൻസിബയ്‌ക്കെതിരെ കേസ് നൽകിയ വൈസ് പ്രസിഡന്റ് ലക്ഷ്‌മിപ്രിയ ടിനി ടോമിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അൻസിബ തനിക്കയച്ച മെസേജ് തന്റെ കുടുംബത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പൊലീസിൽ പരാതി നൽകിയത്. കുടുംബസംഗമത്തിന് ക്ഷേത്രത്തിന്റെ സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നത് തർക്കമായപ്പോൾ മതതീവ്രവാദം ആരോപിച്ചത് അൻസിബയാണ്. അൻസിബയെ ജിഹാദിയെന്ന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും ലക്ഷ്‌മിപ്രിയ പറയുന്നു.

പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള വിയോജിപ്പും അധികാരത്തർക്കവും അമ്മയെ സാരമായി ബാധിച്ചെന്ന് അംഗങ്ങൾ പറയുന്നു. പ്രവർത്തനങ്ങൾ താളംതെറ്റി. യോഗതീരുമാനങ്ങൾ പോലും അംഗങ്ങളെ അറിയിക്കാറില്ല. ജനറൽ സെക്രട്ടറിക്കുള്ള ചില അധികാരങ്ങൾ പ്രസിഡന്റിനും ബാധകമാക്കാൻ സംഘടനയുടെ നിയമാവലി ഭേദഗതിക്കും ശ്രമം ആരംഭിച്ചിട്ടുണ്ട്. പൊതുയോഗത്തിൽ ഭേദഗതി അവതരിപ്പിക്കാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMMA, SHWETHA MENON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA