SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.12 AM IST

പ്രോജക്ട് സീറോയില്‍ സാധാരണക്കാര്‍ക്ക് പങ്കാളിയാകാം, 5000 രൂപ പാരിതോഷികം നല്‍കാന്‍ സര്‍ക്കാര്‍

operation-zero

തിരുവനന്തപുരം: അഴിമതിക്കെതിരെ വിജിലന്‍സിന്റെ മാസ് ആക്ഷന്‍ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ അഴിമതി മുക്തമാക്കാന്‍ 'പ്രോജക്ട് സീറോ' എന്ന പേരില്‍ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ അഴിമതി നടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്ന പൊതുജനങ്ങള്‍ക്ക് 5000 രൂപയുടെ സമ്മാനവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഹരിക്കെതിരെ 'ഓപ്പറേഷന്‍ തൂഫാന്‍- ദ നാര്‍ക്കോ ഹണ്ട്' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. വിജിന്‍സ് ആസ്ഥാനത്തെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഓഫീസുകളിലേതുള്‍പ്പെടെ അഴിമതി പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള സമഗ്ര കര്‍മ്മപദ്ധതിയായാണ് 'പ്രോജക്ട് സീറോ' പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജന പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങള്‍ പൊതുജനങ്ങള്‍ക്ക് വീഡിയോ തെളിവുകളായി വിജിലന്‍സിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. തെളിവുകള്‍ പരിശോധിച്ച് ശരിവെച്ചാല്‍ പരാതിക്കാരന് 5,000 രൂപ പാരിതോഷികമായി നല്‍കും. അപ്ലോഡ് ചെയ്യുന്ന വീഡിയോ തെളിവുകള്‍ വിജിലന്‍സ് അധികൃതര്‍ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും ഈ സമ്മാനത്തുക കൈമാറുന്നത്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പുറത്തുവിടില്ല.

അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും വച്ചുപൊറുപ്പിക്കില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയില്ലാതെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാകണം. അത് സര്‍ക്കാരിന്റെ ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണ്. കാലം മാറിയതനുസരിച്ച് അഴിമതിയിലും മാറ്റങ്ങളുണ്ട്. അതുകൊണ്ടു തന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രോജക്ട് സീറോ വിഭാവനം ചെയ്തിരിക്കുന്നത്. അഴിമതി നടന്നിട്ട് അത് കണ്ടെത്തുന്നതിനെക്കാള്‍ അത്തരം സംഭവങ്ങളുണ്ടാകാതെ തടയുന്നതിനാവും മുന്‍ഗണന നല്‍കുക. 1969ല്‍ നിര്‍മ്മിച്ച വിജിലന്‍സ് മാന്വല്‍ കാലോചിതമായി പരിഷ്‌കരിക്കും. വിജിലന്‍സ് നടത്തുന്ന മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

ചടങ്ങില്‍ പ്രോജക്ട് സീറോയുടെ ലോഗോ പ്രകാശനം വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് നല്‍കി മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവ് മുന്‍ ഡിജിപി എ. ഹേമചന്ദ്രന്‍, ഐജി തോംസണ്‍ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA