SignIn
Kerala Kaumudi Online
Thursday, 11 June 2026 11.07 PM IST

വയനാടിന് പുറമെ കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാർത്ഥികൾ ചികിത്സയിൽ

READ ENGLISH VERSION
shigella

കൊല്ലം: വയനാടിന് പുറമെ കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. ഇവ‌ർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം എട്ടായി.

ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 21പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധയുള്ളത്. ഇതിൽ മൂന്നുകുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡി.എം.ഒ അറിയിച്ചിരിക്കുന്നത്.

നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും ഒരു മുതിർന്നയാളും ചികിത്സയിലാണ്. 476 പേർക്കാണ് രോഗലക്ഷണം കണ്ടത്. നിലവിൽ 34 പേരാണ് രോഗലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമുള്ളത്. ഇതിൽ മൂന്നുപേർ മുതിർന്നവരും മറ്റുള്ളവർ കുട്ടികളുമാണ്.

ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. പലപ്പോഴും വീടുകളിലെ കിണറുകൾക്കും കുടിവെള്ള സ്രോതസുകൾക്കും വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. മഴവെള്ളത്തോടൊപ്പം മലിനജലവും മാലിന്യങ്ങളും കിണറുകളിലേക്ക് എത്തുന്നത് രോഗാണുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു.

ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. വയറിളക്കം പൂർണമായി ഭേദമായാലും രോഗിയുടെ മലവിസർജ്ജന ക്രമം ശരിയായി വരാൻ മാസങ്ങൾ എടുത്തേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളിൽ രോഗം തീവ്രമാകും.

ലക്ഷണങ്ങൾ

  • വയറിളക്കം
  • രക്തത്തോട് കൂടിയ മലവിസർജ്ജനം
  • വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ
  • വയറുവേദന
  • പനി, വൻകുടൽ വീക്കം
  • മലാശയം പുറത്തേക്ക് തള്ളൽ
  • വിളർച്ച
  • രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ
  • പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക
  • വൃക്കകൾ തകരാറിലാകുക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIGELLA, SHIGELLA SPREAD, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA