SignIn
Kerala Kaumudi Online
Friday, 06 November 2026 3.45 AM IST

ആസൂത്രണ ബോർഡിനെ നിതി ആയോഗ്പോലാക്കും 28ലക്ഷം കോടിയുടെ ജി.എസ്.ഡി.പി.ലക്ഷ്യം

READ ENGLISH VERSION
planning-board

തിരുവനന്തപുരം:സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനം കേന്ദ്ര നിതി ആയോഗ് മാതൃകയിൽ പരിഷ്ക്കരിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യബോർഡ് യോഗം തീരുമാനിച്ചു.

അഞ്ച് വർഷം കൊണ്ട് കേരളത്തിന്റെ ജി.എസ്.ഡി.പി. 28 ലക്ഷം കോടിരൂപയായി ഉയർത്തുകയാണ് ലക്ഷ്യം.നിലവിൽ ഇത് 16ലക്ഷംകോടിയാണ്. അതിനായി വാർഷിക വളർച്ചാനിരക്ക് അഞ്ചിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്താൻ നടപടികൾ സ്വീകരിക്കും.

നിലവിൽ പദ്ധതി ആസൂത്രണ രീതിയിലാണ് പ്രവർത്തനം. പതിനഞ്ചാംപദ്ധതി മുതൽ നിതി ആയോഗിനെപ്പോലെ പ്രൊജക്ട് മോഡിലേക്ക് മാറ്റും. മറ്റു സംസ്ഥാനങ്ങൾ ഈ രീതിയിലേക്ക് മാറിയിട്ടുണ്ട്.

കുടിയേറ്റ വരുമാന അധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റും. സ്വകാര്യ സ്ഥാപനങ്ങൾ,സഹകരണ സംഘങ്ങൾ,പ്രവാസികൾ എന്നിവരെ നിക്ഷേപത്തിൽ പങ്കാളികളാക്കും. പങ്കാളിത്ത രീതിയിൽ 10 കോടിരൂപയിൽ കൂടുതൽ മുതൽമുടക്കുള്ള പദ്ധതികൾ രൂപകല്പന ചെയ്യാനും നടത്തുന്നതിനും ആസൂത്രണ ബോർഡിൽ പങ്കാളിത്തസെൽ സ്ഥാപിക്കും.ഇതിനായി 100കോടി രൂപയുടെ റിവോൾവിങ് ഫണ്ടും നൽകും. വയബിലിറ്റി ഗാപ് ഫണ്ടിംഗിനായി കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനഫണ്ട് തേടും.

യോഗത്തിൽ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി,സണ്ണി ജോസഫ്, മോൻസ് ജോസഫ്,ഷിബുബേബി ജോൺ, സി.പി.ജോൺ എന്നിവരും ബോർഡ് ഉപാധ്യക്ഷൻ കെ.എം.ചന്ദ്രശേഖറും ബോർഡ് അംഗങ്ങളും പങ്കെടുത്തു.

പുതുതായി വരുന്നത്

1. ജില്ലാതല പദ്ധതി അവലോകന സമിതികൾ

2. കുട്ടനാട് മാതൃകയിൽ മറ്റ് ജില്ലകൾക്കും പാക്കേജ്

3. സിവിൽ സൊസൈറ്റി സംഘടനകൾക്ക് ജില്ലാതലപദ്ധതി

4.കൺസൾട്ടന്റുകളെയും പ്രൊഫഷണൽ മീഡിയ ഏജൻസികളെയും തിരഞ്ഞെടുക്കാൻ വിദഗ്ധ സമിതി

5. മുഖ്യമന്ത്രി ചെയർമാനായി കേരള തൊഴിൽ, സാമ്പത്തിക അവസര മിഷൻ

6. കുടുംബശ്രീ മാതൃകയിൽ യുവകേരളം മിഷൻ

7. എം.എൽ.എ.മാരുടെ നേതൃത്വത്തിൽ പ്രാദേശിക നിക്ഷേപവികസന മീറ്റുകൾ

8. വനാവകാശ നിയമം നടപ്പാക്കുന്നതിനുള്ള പ്രവർത്തന പദ്ധതി എസ്.ടി. വകുപ്പ് തയ്യാറാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLANNING BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA