SignIn
Kerala Kaumudi Online
Wednesday, 23 September 2026 10.00 PM IST

നടി സാവിത്രി ശ്രീധരൻ അന്തരിച്ചു; വിടവാങ്ങിയത് 'സുഡാനി ഫ്രം നൈജീരിയ'യിലെ പ്രിയപ്പെട്ട ജമീല ഉമ്മ

READ ENGLISH VERSION

savithri-sreedharan
സാവിത്രി ശ്രീധരൻ

കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പ്രശസ്ത നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അടുത്തിടെയാണ് നടിയെ വീട്ടിലേക്ക് മാറ്റിയത്.

40 വർഷം നീണ്ടു നിന്ന നാടകഭിനയജീവിതമാണ് സാവിത്രിയുടേത്. പതിനാറാം വയസിൽ വളയനാട് കലാസമിതിയുടെ കറുത്ത വെള്ള എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിവാഹ ശേഷമാണ് സാവിത്രി അഭിനയം ആരംഭിച്ചത്. അമച്ച്വർ നാടക രംഗത്ത് ഇരുപതുവർഷത്തോളം പ്രവർത്തിച്ചശേഷമാണ് സാവിത്രി പ്രൊഫഷണൽ നാടകങ്ങളിലേക്ക് പ്രവേശിച്ചത്. 1964ൽ കോർപ്പറേഷൻ നടത്തിയ നാടകമത്സരത്തിൽ ആദ്യമായി പുരസ്കാരം ലഭിച്ചു.

കാര യുവജന കലാസമിതിയുടെ നോട്ടുകൾ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്. കെടി മുഹമ്മദിന്റെ 'ദീപസ്തംഭം മഹാശ്ചര്യം' എന്ന നാടകമാണ് അഭിനയ ജീവിതത്തിൽ നിർണായകമായത്. കെടിയുടെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയറ്റേഴ്‌സ്, വിക്രമൻനായരുടെ 'സ്റ്റേജ് ഇന്ത്യ' തുടങ്ങിയ സമിതികളിൽ അഭിനയിച്ചു. സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരവും സാവിത്രിക്ക് ലഭിച്ചിട്ടുണ്ട്.

1991ൽ എംടിയുടെ കടവ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് ചലച്ചിത്ര രംഗത്തിലേയ്ക്ക് കടന്നുവരുന്നത്. പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാരംഗത്തേയ്ക്ക് കടന്നുവരികയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിയ്ക്കുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അറുപത്തിയാറാമത് ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടി.

എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാര ചടങ്ങിൽ നിന്ന് സാവിത്രി ശ്രീധരൻ വിട്ടുനിന്നത് ഏറെ ചർച്ചയായിരുന്നു. കലാരംഗത്തിന് പുറമെ രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായിരുന്നു സാവിത്രി ശ്രീധരൻ. 1993ൽ കോഴിക്കോട് കോർപ്പറേഷനിലെ തിരുവണ്ണൂർ വാർഡിൽ നിന്നും സിപിഎം കൗൺസിലറായി മത്സരിച്ച് വിജയിച്ചിരുന്നു.

English Summary

Renowned Malayalam film and theatre actress Savithri Sreedharan has passed away at 85 due to age-related ailments at her Kozhikode residence. Known for her role in "Sudani from Nigeria," she had a distinguished 40-year theatre career, starting at age 16. She transitioned to professional theatre after two decades in amateur productions, earning her first award in 1964.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAVITHRI SREEDHARAN, DEATH, MALAYALAM ACTRESS, SAVITHRI SREEDHARAN DEATH, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA