കോഴിക്കോട്: 16 ദിവസം പ്രായമുള്ള കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പിടികൂടി പൊലീസ്. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. വിദേശത്ത് ജോലി ചെയ്‌തിരുന്ന യുവതി ഗർഭിണിയായിരുന്നെന്ന് വീട്ടുകാർക്ക് അറിവില്ലായിരുന്നെന്നാണ് വിവരം.
തന്റെ പ്രസവവിവരം വീട്ടുകാരറിഞ്ഞാൽ പ്രശ്‌നമാകുമെന്ന ഭയമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഈ മാസം എട്ടിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ യുവതി പ്രസവത്തിനുശേഷം 12-ാം തീയതി ഡിസ്‌ചാർജ് ആയിരുന്നു. സുഹൃത്ത് വഴി സഹായത്തിനായി ഒരു സ്‌ത്രീയെ സംഘടിപ്പിച്ചിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ കാലയളവിൽ യുവതിയെയും കുഞ്ഞിനെയും നോക്കിയത് ഈ സ്‌ത്രീയാണ്.
ഡിസ്‌ചാർജായി ദിവസങ്ങൾക്ക് ശേഷം കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് ഇവരെ വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. അൽപസമയത്തേക്ക് കുഞ്ഞിനെ നോക്കണമെന്ന് പറഞ്ഞ് കുഞ്ഞിനെ സഹായിയുടെ കൈയിൽ ഏൽപ്പിച്ചശേഷമാണ് യുവതി പത്തനംതിട്ടയിലേക്ക് കടന്നുകളഞ്ഞത്. ഇവർ തിരികെ എത്താതായതോടെയാണ് സഹായിയായ സ്‌ത്രീ പൊലീസിൽ പരാതി നൽകിയത്.
കുഞ്ഞിനെ പിന്നീട് ശിശുക്ഷേമ സമിതിയെ അറിയിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വയനാട് സ്വദേശി എന്ന മേൽവിലാസമാണ് യുവതി ആശുപത്രിയിൽ നൽകിയിരുന്നത്. ഇതിനുശേഷം മെഡിക്കൽ കോളേജ് പൊലീസും സിറ്റി പൊലീസും ഊർജിതമായി നടത്തിയ അന്വേഷണത്തിലാണ് യുവതി പത്തനംതിട്ടയിലാണെന്ന് വ്യക്തമായത്. യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
A woman from Seethathode in Pathanamthitta was arrested for allegedly abandoning her 16-day-old baby at Kozhikode Medical College Hospital. Police said she feared her family would learn about her childbirth. After leaving the baby with a helper, she reportedly fled to Pathanamthitta. The baby was later shifted to a safe care centre, and a case was registered under the Juvenile Justice Act.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |