SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.28 AM IST

ഇന്നും ഇരുട്ടിൽത്തന്നെ; 6:15നും രാത്രി 12:45നും ഇടയിൽ വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി

READ ENGLISH VERSION
kseb-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയുണ്ടെന്ന് കെഎസ്ഇബി. ഇന്ന് വൈകിട്ട് 6:15 മുതൽ രാത്രി 12:45 വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് നിയന്ത്രണം ആവശ്യമായി വരുന്നതെന്നും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവാണ് താപനില മുൻ വർഷത്തേക്കാൾ ഉയർന്ന നിലയിലെത്തിച്ചിരിക്കുന്നത്.

ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽനിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. എൻടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചു. ജനങ്ങൾക്ക് ഭാവിയിൽ വൻ ബാദ്ധ്യതയാകുമെന്ന് കണ്ടാണ് പിന്മാറ്റം. നിലവിൽ ആകെ ഉറപ്പായത് കേന്ദ്ര പൂളിൽ നിന്നുള്ള 150 മെഗാ വാട്ട് വൈദ്യുതി മാത്രമാണ്.

English Summary

Kerala's KSEB has warned of potential power restrictions from 6:15 PM to 12:45 AM today due to high consumption and a projected 700-900 MW deficit. Increased national demand and reduced availability from power exchanges are key factors. KSEB abandoned plans to purchase expensive power at Rs 30/unit, citing future public burden, with only 150 MW secured from the central pool.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB POWER CUT, KERALA ELECTRICITY, POWER CONTROL, KSEB, KERALA POWER CRISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA