തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും ഓഷണേറിയവും പദ്ധതിയുടെ കരടിന് അംഗീകാരം നൽകിയതായി മുഖ്യമന്ത്രി വി ഡി സതീശൻ. രണ്ട് പദ്ധതികളും ടൂറിസവുമായി ബന്ധപ്പട്ട കേരളത്തിന്റെ അഭിമാന പദ്ധതിയായി മാറുമെന്നും ഇന്ത്യയിൽതന്നെ എങ്ങുമില്ലാത്ത മോഡേൺ ഓഷണേറിയം ആയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗം അവസാനിച്ചതിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ട് പദ്ധതികളും വേഗത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
'ആരോഗ്യവകുപ്പിലെ ഡന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2വിന്റെ 12 പുതിയ തസ്തികകൾ അനുവദിച്ചു. കാത്ത്‌ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് 2വിന്റെ 16 പുതിയ തസ്തികകൾ അനുവദിച്ചു. കോഴിക്കോട് ആറുപേർക്ക് ചട്ടവിരുദ്ധമായി കാറ്റഗറി മാറ്റം വഴി സ്ഥാനക്കയറ്റം നൽകിയെന്ന പേരിൽ കോടതി നിർദേശപ്രകാരം റിവേർട്ട് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവരെ സൂപ്പർന്യൂമറി തസ്‌തികകൾ നിർമിച്ച് സർവീസിൽ നിലനിർത്തും.
പിഎസ്‌സി അംഗങ്ങളെയും ചെയർമാനെയും പിരിച്ചുവിടണമെന്ന് മുൻ ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തത് നടപടിക്രമങ്ങൾ പാലിച്ചിട്ടല്ല. എല്ലാ കാര്യങ്ങളും സർക്കാരിനോട് ആലോച്ചിച്ചാണ് ഗവർണർ തീരുമാനിക്കേണ്ടത്. ഗവർണർ ഒറ്റക്കല്ലഅഭിപ്രായം പറയേണ്ടത്. ഗവർണർ ശുപാർശ നൽകിയതുകൊണ്ടുമാത്രം പിഎസ്‌സിയുടെ ക്രമക്കേടുകൾ മറയ്ക്കാനാവില്ല. പിഎസ്‌സിയുടെ വിശ്വാസ്യത തിരികെ കൊണ്ടുവരും. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും.
കെഎസ്‌ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികമാണ്. ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിൽ ഒരാളെ മാത്രമല്ല മാറ്റിയത്. സ്വാഭാവികമായി നടന്ന സ്ഥലംമാറ്റമാണ്. സീനിയറായ ആളുകളെ വരെ മാറ്റി. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് മാറ്റിയത്. വൈദ്യുതി മന്ത്രി എനിക്കുമുന്നിലേയ്ക്ക് ഒരു ഫയൽ അയച്ചിരുന്നു. അതിൽ രണ്ട് പ്രൊപ്പോസലുകളാണുള്ളത്. ഹിമാചൽ സർക്കാർ 14.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് അറിയിച്ചതാണ് ഇതിലൊന്ന്. പിന്നെയൊന്ന് ജിഎൻഎ എന്ന സ്വകാര്യ സ്‌ഥാപനമാണ്. 8.90 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് ഈ സ്ഥാപനം അറിയിച്ചത്. സർക്കാരിന്റെ വൈദ്യുതി എന്നതിന്റെ പേരിൽ ആറുരൂപ കൂടിയത് വാങ്ങണോ? അങ്ങനെ വാങ്ങിയാൽ 2232 കോടി രൂപയുടെ ബാദ്ധ്യത സർക്കാരിനുണ്ടാവും. അതിനാൽ ജിഎൻഎയിൽ നിന്ന് വാങ്ങാനാണ് സർക്കാരിന്റെ തീരുമാനം. പിണറായി സർക്കാരിന്റെ കാലത്തും ഇതേ കമ്പനിയിൽ നിന്ന് വാങ്ങിയിട്ടുണ്ട്. അദാനിയിൽ നിന്നടക്കം മുൻ സർക്കാർ വാങ്ങിയിട്ടുണ്ട്.
വിഴിഞ്ഞത്ത് കഴിഞ്ഞ സർക്കാർ ചെയ്യാത്ത കാര്യമാണ് ചെയ്തത്. 260 കോടി രൂപയുടെ ഫിഷിംഗ് ഹാർബറിന് തുടക്കമിട്ടു. നിലവിലെ ഹാർബർ നവീകരിക്കാൻ 90 കോടി രൂപ നൽകി. തീരം സംരക്ഷിക്കുന്നതിനായി 125 കോടി രൂപയുടെ പുലിമുട്ടും നിർമിച്ചു. മണ്ണെണ്ണ സബ്സിഡിക്കായി 35 കോടി രൂപ വിതരണം ചെയ്തു. രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് മൂന്നരലക്ഷം രൂപ വരെ നൽകി. 510 കോടി രൂപ മത്സ്യത്തൊഴിലാളികൾക്കായി മാറ്റിവച്ചു.
മന്ത്രി അറിയാതെതന്നെ ഉദ്യോഗസ്ഥർക്ക് ബാർ ലൈസൻസ് നൽകാനുള്ള സൗകര്യം കഴിഞ്ഞ സർക്കാർ ചെയ്തുവച്ചു. അതിപ്പോഴും തുടരുകയാണ്. അതിൽ മാറ്റം കൊണ്ടുവരും. സർക്കാർ അറിയാതെ ലൈസൻസ് നൽകില്ല. സർക്കാരിന്റെ മദ്യനയം വരും. മദ്യനയത്തിന് അനുസരിച്ചേ ബാർ ലൈസൻസ് നൽകുകയുള്ളൂ.
സമരം നടത്തുന്നവരെ അവഗണിക്കുന്ന സർക്കാരല്ല ഇത്. എൽപിഎസ്‌ടി സമരനേതാവ് വളർമതിയുമായി എട്ടുപ്രാവശ്യം പൊതുവിദ്യാഭ്യാസ മന്ത്രി സംസാരിച്ചു. രണ്ടുപ്രാവശ്യം ഞാനും ചർച്ച ചെയ്തു. അവർ പറഞ്ഞ അഞ്ചുകാര്യങ്ങളിൽ നാലുകാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അത് പൊതുവിദ്യാഭ്യാസ മന്ത്രി മാദ്ധ്യമങ്ങളെ അറിയിക്കും. അവരെ അപമാനിച്ചല്ല പറഞ്ഞത്. അവരുടെ മുടി മുറിക്കുന്നതുകണ്ട് സങ്കടമായി. എന്റെ കണ്ണും നിറഞ്ഞു'.
Kerala Chief Minister V.D. Satheesan announced approval of draft plans for an International Maritime Museum and a modern Oceanarium. He also outlined new healthcare posts, action to restore PSC credibility, a decision to purchase cheaper electricity, investments in Vizhinjam fishing infrastructure, changes to bar licensing procedures, and discussions with protesting LPST teachers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |