SignIn
Kerala Kaumudi Online
Sunday, 21 June 2026 1.13 AM IST

രോഗങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ ശ്രമിക്കില്ല,​ ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റ്: കെ. മുരളീധരൻ

READ ENGLISH VERSION
muraleedharan

തിരുവനന്തപുരം: രോഗങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും പരമാവധി രോഗബാധിതരെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണ് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വേണ്ടതെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. പകർച്ചവ്യാധി നിയന്ത്രണത്തിനായി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗം തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നിപ പ്രതിരോധത്തിൽ ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവരുടെ സഹകരണമുണ്ടായി. അത് എല്ലായിടത്തും തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.


പകർച്ചവ്യാധി പ്രതിരോധത്തിന് ശാസ്ത്രീയ മാലിന്യ സംസ്‌കരണം വേണം. അതിനായി മാലിന്യസംസ്‌കരണ യൂണിറ്റുകൾ അനിവാര്യമാണ്. സംസ്ഥാനത്ത് വിവിധയിനം പനികളും മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മാത്രമല്ല, തദ്ദേശസ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവയുടെ ഏകോപിത പ്രവർത്തനവും ജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. വൃത്തിഹീനമായ പരിസരം, മലിനമായ കുടിവെള്ളം, സുരക്ഷിതമല്ലാത്ത ഭക്ഷണം എന്നിവയാണ് പല രോഗങ്ങളുടെയും പ്രധാന കാരണങ്ങൾ. ഡെങ്കിപ്പനി, എലിപ്പനി, നിപ തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം.

വയനാട് ജില്ലയിലെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒരു സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും കർശനമായി നിരീക്ഷിക്കാൻ നിർദേശിച്ചു.ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കിയതായും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

ഡ്രൈഡേ ആചരണം ശക്തമാക്കാനും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രധാനം. നിപ്പയിലടക്കം ശക്തമായ പ്രതിരോധമാണ് ആരോഗ്യ പ്രവർത്തകരും വകുപ്പും സ്വീകരിക്കുന്നത്. എബോള സംശയിച്ച രണ്ട് രോഗികളുടെയും റിപ്പോർട്ട് നെഗറ്റീവാണ് എന്നത് ആശ്വാസകരമാണ്. ചിട്ടയായ പ്രവർത്തനത്തിലൂടെ ഷിഗല്ല രോഗം നിയന്ത്രണ വിധേയമാക്കി.

പകർച്ചവ്യാധി പ്രതിരോധത്തിന് മുൻകൂട്ടി നടപ്പിലാക്കാൻ കഴിയുന്ന നിർദേശങ്ങൾ, എന്തുകൊണ്ട് പ്രത്യേക പ്രദേശങ്ങളിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയമായ കണ്ടെത്തലുകൾ നടത്തി റിപ്പോർട്ട് സമപ്പിക്കാൻ ഉന്നതാധികാര സമിതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA