SignIn
Kerala Kaumudi Online
Thursday, 17 September 2026 3.52 AM IST

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്​റ്റിന്റെ വീട്ടിൽനിന്ന് 43 ലി​റ്റർ മദ്യശേഖരം പിടിച്ചു

READ ENGLISH VERSION
police
റെയ്ഡിനെത്തിയ പൊലീസ് സംഘം

കൽപ്പ​റ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്​റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് 43 ലി​റ്റർ വിദേശമദ്യം എക്‌സൈസ് പിടിച്ചെടുത്തു. ഇതിനൊപ്പം ഏഴ് ലി​റ്റർ വൈനും വീടിനുള്ളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിൽ മദ്യശേഖരം കണ്ടെത്തിയതോടെ തുടർനടപടികൾക്കായി പൊലീസ് എക്‌സൈസിനെ വിളിച്ചുവരുത്തുകയായിരുന്നു. കൽപ്പ​റ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.


നിയമപ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാൻ അനുവാദമുള്ളതിനെക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത മദ്യവും വൈനും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇവിടെ നിർമ്മിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ എക്‌സൈസ് പരിശോധന തുടരുകയാണ്. കൃത്യമായ ലൈസൻസോ താൽക്കാലിക അനുമതിയോ ഇല്ലാതെ വീട്ടിൽ വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.

മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കേസെടുത്ത എസ്‌ഐടി, പരിപാടി സ്‌പോൺസർ ചെയ്‌ത റിപ്പോർട്ടർ ചാനലിന്റെ ഓഫീസിലും ഉടമയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും ഇന്ന് പുലർച്ചെ രണ്ട് മണി മുതലാണ് റെയ്‌ഡ് ആരംഭിച്ചത്. ഒരേസമയം കൊച്ചിയിലും വയനാട്ടിലും അടക്കം അഞ്ചിടത്താണ് റെയ്‌ഡ് നടക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ഫുട്ബാൾ ഇതിഹാസം മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് 549.22 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സർക്കാർ നിയോഗിച്ച ജി.എസ്.ടിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തിലാണ് മുഴുവൻ തട്ടിപ്പും നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത വിദേശനാണ്യ ഇടപാടുകൾ, രഹസ്യ യു.എസ് ഡോളർ അക്കൗണ്ട് ഇടപാടുകൾ, കണക്കിൽപ്പെടാത്ത ബാങ്കിതര വായ്പകൾ, ആദായനികുതിവെട്ടിപ്പ്, മുദ്രപ്പത്ര വില വെട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ്‌ തടയുന്നതിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്നും വ്യക്തമായി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സർക്കാരിന് കൈമാറിയത്.

English Summary

Excise officials seized 43 liters of foreign liquor and 7 liters of wine from Reporter TV owner Anto Augustine's family home in Wayanad, exceeding legal limits. This was part of raids in multiple locations, including Kochi, linked to an alleged Rs 549.22 crore fraud involving bringing Lionel Messi to Kerala, primarily sponsored by Augustine's company.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI NAME FRAUD, ANTO AUGUSTIN, LIQUOR SEIZED, ആന്റോ അഗസ്റ്റിൻ, മെസിയുടെ പേരിലെ തട്ടിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA