SignIn
Kerala Kaumudi Online
Sunday, 06 September 2026 7.49 PM IST

കൽക്കരിയിൽ കുടുങ്ങി കേരളവും ഇരുട്ടിലേക്ക്, ലോഡ് ഷെഡിംഗ്  മുറുകും

READ ENGLISH VERSION

powercut
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കൽക്കരി ക്ഷാമം കണക്കിലെടുത്ത് രാജ്യത്തെ താപനിലയങ്ങൾ വൈദ്യുതി ഉത്പാദനം കുറച്ചതോടെ കേരളം വീണ്ടും പ്രതിസന്ധിയിലേക്ക്. 36 ദശലക്ഷം വൈദ്യുതിയാണ് കേന്ദ്ര ഗ്രിഡിൽ നിന്ന് പ്രതിദിനം ലഭിക്കുന്നത്. ഇതിൽ 12 ദശലക്ഷം യൂണിറ്റ് കുറഞ്ഞു. രാജ്യത്തെ 190 താപനിലയങ്ങളിൽ 50 എണ്ണവും പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയിലാണ്. പലയിടത്തുമുള്ളത് ഒരാഴ്ചത്തേക്കുള്ള കൽക്കരി മാത്രം. സ്ഥിതി വഷളായാൽ സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കേണ്ടിവന്നേക്കും.

കേന്ദ്രഗ്രിഡിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 12 ദശലക്ഷം യൂണിറ്റ് ഒഴികെ, മറ്റെല്ലാ മാർഗങ്ങളിലൂടെയും കിട്ടുന്നത് താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ്. കൂടിയ വിലയ്ക്ക് വാങ്ങാൻ തയ്യാറായാൽപ്പോലും പവർ എക്സ്ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ല.

മൂന്ന് ദിവസമായി വൈകിട്ട് ആറിനും 12നുമിടയിൽ ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കിയിട്ടുണ്ട്. രണ്ടുമാസം മുമ്പ് അരമണിക്കൂർ രാത്രികാല ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയിരുന്നു. നിലവിൽ ജലവൈദ്യുതി ഉത്പാദനം അഞ്ചു ദശലക്ഷം യൂണിറ്റ് വർദ്ധിപ്പിച്ചാണ് ലോഡ് ഷെഡ്ഡിംഗ് പരമാവധി കുറയ്ക്കുന്നത്. മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം വർദ്ധിച്ചിട്ടുമുണ്ട്.

അഞ്ച് വഴികളിലൂടെയാണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. കേന്ദ്ര നിലയങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുന്നത്, ദീർഘകാല കരാർ, ഹ്രസ്വകാല കരാർ, പവർ എക്സ്‌ചേഞ്ച്, മറ്റ് സംസ്ഥാനങ്ങളുമായുള്ള ബാങ്കിംഗ് കരാർ എന്നിങ്ങനെ.

താപവൈദ്യുതി

56 ദശലക്ഷം വേണം

1.നിലവിൽ 94 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം. ഇതിൽ ജലവൈദ്യുതിയായി 23 ദശലക്ഷം യൂണിറ്റും സോളാർ വൈദ്യുതിയായി മൂന്നു ദശലക്ഷം യൂണിറ്റും ചേർത്ത് 26 ദശലക്ഷം മാത്രമാണ് ഉത്പാദനം.

2.68 ദശലക്ഷം യൂണിറ്റും പുറമെ നിന്ന് ലഭിക്കുന്നതാണ്. ഇതിൽ കൂടുംകുളത്തുനിന്നുള്ള 12 ദശലക്ഷം ന്യൂക്ളിയർ വൈദ്യുതി മാറ്റിനിറുത്തിയാൽ സംസ്ഥാനത്ത് പ്രതിദിനം ഉപയോഗിക്കുന്ന 56 ദശലക്ഷം യൂണിറ്റും താപനിലയങ്ങളിൽ നിന്നുള്ളതാണ്.

മഴ പെയ്താലും പ്രശ്നം

ജാർഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൽക്കരിഖനികൾ കടുത്തമഴ മൂലം പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. ഇറക്കുമതി കൽക്കരി ലഭ്യമാണെങ്കിലും തുറമുഖങ്ങളിലെ പ്ളാന്റുകളിലേക്ക് എത്തിക്കാൻ മഴ സമ്മതിക്കുന്നില്ല. കയറ്റാനും ഇറക്കാനുമുള്ള സൗകര്യം കണക്കിലെടുത്ത് തുറന്ന ട്രക്കുകളിലും ഗുഡ്സ് വാഗണുകളിലുമാണ് കൊണ്ടുപോകുന്നത്. നനഞ്ഞാൽ ജ്വലനശേഷി നഷ്ടപ്പെടും.

രാജ്യത്തെ വൈദ്യുതിലഭ്യത

( നിരക്ക് ശതമാനത്തിൽ)

കൽക്കരി താപനിലയം.............................. 42

സോളാർ......................................................... 29.5

കാറ്റാടി............................................................ 10.5

ജലവൈദ്യുതി................................................. 9.5

ഗ്യാസ് താപനിലയം........................................ 3.8

മറ്റുള്ളവ............................................................. 4.7

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA