തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. അടൂർ പ്രകാശിന്റെ പരാതി തള്ളിയ മുഖ്യമന്ത്രി എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്ക് അനുസരിച്ചാണെന്നും വ്യക്തമാക്കി. എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പ്രവർത്തന ശൈലിയെ വിമർശിച്ച് അടൂർ പ്രകാശ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് പരാതി നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'ആരുമായും ഞാൻ ചർച്ച ചെയ്യുന്നില്ലെന്ന് ഒരാൾ പറയുന്നതാണ് പ്രശ്നം. എന്നാൽ നയപരമായ കാര്യങ്ങളിൽ പാർട്ടിയുമായി കൂടിയാലോചിച്ച് പാർട്ടി നയങ്ങൾക്കനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. എന്നാൽ ഭരണപരമായ കാര്യങ്ങളും ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും പാർട്ടിയുമായി ചർച്ച ചെയ്യണമെന്നില്ല.'- അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പാർട്ടിയിലെ യുവ നേതാക്കൾക്ക് ഉൾപ്പെടെ തന്നോട് വിയോജിപ്പ് പ്രകടിപ്പിക്കാനും വിമർശിക്കാനും അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു. തന്റെ ഭാഗത്താണ് തെറ്റെന്ന് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കുമെന്നും വിമർശിക്കുന്നവർക്ക് തെറ്റിദ്ധാരണയുണ്ടെങ്കിൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
പാർട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് യുഡിഎഫ് കൺവീനറുടെ പരാതി. തീരുമാനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാനാകാത്തതിൽ ഖേദമുണ്ടെന്നും മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ട് അടൂർ പ്രകാശ് അറിയിച്ചിരുന്നു.
മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അദ്ദേഹം ഉന്നയിച്ചതായാണ് സൂചന. അതേസമയം, കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഹൈക്കമാൻഡിന്റെ ചർച്ച ഉടൻ ഉണ്ടാകില്ലെന്നാണ് വിവരം. കാരണം രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിന്റെ തിരക്കിലാണ്.
Chief Minister V.D. Satheesan responded to UDF Convener Adoor Prakash's allegations of unilateral decision-making. Satheesan rejected the complaint, asserting all decisions align with party policies and have senior leader approval. Prakash had escalated his concerns to Congress President Mallikarjun Kharge, seeking high command intervention over the perceived sidelining of the party and front.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |