SignIn
Kerala Kaumudi Online
Sunday, 20 September 2026 4.15 AM IST

ആന്റോ അഗസ്റ്റിൻ 24 മണിക്കൂർ എക്‌സൈസ് കസ്റ്റഡിയിൽ; നാല് ദിവസം വേണമെന്ന ആവശ്യം തള്ളി ബത്തേരി കോടതി

READ ENGLISH VERSION
anto-augustine
ആന്റോ അഗസ്റ്റിൻ

കൽപ്പറ്റ: അബ്‌കാരി കേസിൽ റിപ്പോ‌ർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റോയെ 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി ആന്റോയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് എക്‌‌സൈസ് ആവശ്യപ്പെട്ടിരുന്നു.

വിദേശനിർമിത മദ്യം ഉൾപ്പെടെയുള്ളവയുടെ ഉറവിടം കണ്ടെത്താനുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി നാലുദിവസത്തെ കസ്റ്റഡി വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, പഴയ വാദങ്ങൾ തന്നെയായിരുന്നു പ്രതിഭാഗം ഉന്നയിച്ചത്. അറസ്റ്റിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ല, ആന്റോ സ്ഥലത്തുണ്ടായിരുന്നില്ല, എറണാകുളത്തായിരുന്നപ്പോഴാണ് റെയ്‌ഡ് നടന്നത് തുടങ്ങിയ കാര്യങ്ങളാണ് കോടതിയിൽ വാദിച്ചത്.

ജാമ്യം നിരസിച്ച് ഹൈക്കോടതി

ആന്റോ അഗസ്റ്റിൻ ജാമ്യത്തിനായി കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം അനുവദിച്ചില്ല. കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്‌‌ചയിലേയ്ക്ക് മാറ്റി. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ ആന്റോയ്ക്ക് ജാമ്യം നൽകരുതെന്നും സർക്കാരിനുവേണ്ടി ഹാജരായ ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.നേരത്തെ തന്നെ പല കേസുകളിലും പ്രതിയാണ് ആന്റോയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയും ജാമ്യം നിരസിച്ചതിനാൽ ആന്റോയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തിരുന്നു.

മെസി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ട് വീട്ടിൽ റെയ്‌ഡ് നടത്തവേ 69.589 ലിറ്റർ മദ്യം കണ്ടെടുക്കുകയായിരുന്നു. ഇത് എക്സൈസിന് കൈമാറിയതോടെ, അവരെടുത്ത കേസിലാണ് ആന്റോ അഗസ്റ്റിൻ അറസ്റ്റിലായത്.

English Summary

Reporter Broadcasting Company MD Anto Augustine has been placed in Excise custody for 24 hours in an Abkari case. The Excise department had sought four days for questioning. The case involves the seizure of 69.589 litres of liquor during a raid at his ancestral house in Wayanad.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO AUGUSTINE, ABKARI CASE KERALA, EXCISE CUSTODY, ANTO AUGUSTINE CASE, ANTO AUGUSTINE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA