
വിഴിഞ്ഞം: ജന്മദിനം ആഘോഷിക്കാൻ പോയ യുവാവിനും യുവതിക്കും റോഡപകടത്തിൽ ദാരുണാന്ത്യം. കോവളം ബൈപ്പാസിൽ ബൈക്ക് ഡിവൈഡറിലും ഇരുമ്പ് പോസ്റ്റിലും ഇടിച്ചുണ്ടായ അപകടത്തിലാണ് സുഹൃത്തുക്കളും ഐ.ടി ജീവനക്കാരുമായ ഇവർ മരിച്ചത്. യു.എസ്.ടി ഗ്ലോബൽ കമ്പനിയിൽ ടെസ്റ്റിംഗ് വിഭാഗം ജീവനക്കാരൻ എറണാകുളം വാഴപ്പള്ളി മുളവൂർ നിരപ്പ് വലിയവീട്ടുപറമ്പിൽ നവീൻ സിബി(25), സുഹൃത്ത് കിൻഫ്രയിലെ ഇ.വൈ കമ്പനി അസോസിയേറ്റ് എൻജിനിയർ തൊടുപുഴ മുട്ടം മാള അരിക്പുറത്ത് വീട്ടിൽ ഉമ്മൻ വർഗീസിന്റെ മകൾ മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്.
ബൈപാസിൽ തിരുവല്ലം ടോൾ പ്ലാസയ്ക്കു സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് അപകടം. നഗരത്തിൽ നിന്നു കോവളം ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. മൃദുല സംഭവ സ്ഥലത്തുതന്നെ മരിച്ചു. നവീൻ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റേതെങ്കിലും വാഹനം തട്ടിയതിനെതുടർന്നാണോ നിയന്ത്രണം നഷ്ടമായതെന്നതടക്കം അന്വേഷിക്കുന്നതായി എസ്.എച്ച്.ഒ ബിജു പറഞ്ഞു.സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുവരുകയാണ്. മൃദുലയുടെ മാതാവ്: സജി ഉമ്മൻ.സഹോദരങ്ങൾ: അച്ചു,സുസു. യുവാവിന്റെ കുടുംബവിവരങ്ങൾ ലഭ്യമായിട്ടില്ല.
25-ാം ജന്മദിനം
ഇന്നലെ നവീനിന്റെ 25-ാം ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായാണ് ഇരുവരും ഇന്നലെ ഉച്ചയ്ക്കുശേഷം ഓഫീസിൽ നിന്ന് അവധിയെടുത്ത് ഭക്ഷണം ഒന്നിച്ചു കഴിക്കാനായി കോവളത്തേക്ക് വന്നത്. കോളേജിൽ ഒന്നിച്ചു പഠിച്ചവരാണ്. ഈ സൗഹൃദം തുടരുകയായിരുന്നു. നവീൻ രണ്ടു വർഷം മുൻപും മൃദുല 3വർഷം മുൻപുമാണ് തിരുവനന്തപുരത്ത് ജോലിക്കെത്തിയത്. ഇന്നലെ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു മൃദുലയെന്ന് ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |