SignIn
Kerala Kaumudi Online
Friday, 09 October 2026 11.55 PM IST

'എന്റെ വേദന അദ്ദേഹത്തിന്റെ മരണംകൊണ്ട് മായില്ല', നാനാ പടേക്കറെ അധിക്ഷേപിച്ച് ബോളിവുഡ് നടി

READ ENGLISH VERSION
nana-patekar-tanusree-
നാനാ പടേക്കർ,​ തനുശ്രീ ദത്ത

ബോളിവുഡ് നടൻ നാനാ പടേക്കറുടെ മരണവാർത്തയ്ക്ക് പിന്നാലെ നടി തനുശ്രീ ദത്ത നടത്തിയ പ്രതികരണങ്ങൾ വിവാദമായിരുന്നു. നാനയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ പരാമർശങ്ങളും പിന്നീട് സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവച്ച വിശദീകരണങ്ങളുമാണ് ചർച്ചകൾക്ക് വഴിവച്ചത്. മരിച്ചയാളെക്കുറിച്ച് അനാദരവോടെയാണ് തനുശ്രീ സംസാരിച്ചതെന്ന വിമർശനം ഒരു വശത്ത് ഉയരുമ്പോൾ, താൻ നേരിട്ട ദുരനുഭവങ്ങൾ ഒരാളുടെ മരണത്തോടെ ഇല്ലാതാകില്ലെന്നാണ് നടിയുടെ നിലപാട്.

കഴിഞ്ഞ ദിവസം നാനാ പടേക്കർ അന്തരിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു തനുശ്രീ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. ലക്‌നൗവിൽ പങ്കെടുക്കേണ്ട പ്രധാന പരിപാടിക്കായി യാത്ര ചെയ്യുകയായിരുന്ന നടി, അന്നത്തെ തന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് മരണവാർത്തയെക്കുറിച്ച് താരം പരാമർശിച്ചത്.

വൈകുന്നേരത്തോടെ മാധ്യമശ്രദ്ധ മുഴുവൻ നാനയുടെ മരണത്തിലേക്ക് മാറുമെന്നും, അതോടെ താൻ നേരത്തേ ആസൂത്രണം ചെയ്തിരുന്ന പരിപാടിയുടെ പ്രചാരണത്തിന് തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു തനുശ്രീയുടെ ആശങ്ക. നാനയെ പരാമർശിക്കാൻ 'ഈവിൾ ഡെഡ്' എന്ന പ്രയോഗം നടത്തിയതും സോഷ്യൽ മീഡിയയിൽ നടിക്കെതിരായ വിമർശനത്തിന് ഇടയാക്കി. വീഡിയോയുടെ അവസാനത്തിൽ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും നടി പറഞ്ഞു. എന്നാൽ വിവാദം അവിടെ തീർന്നില്ല. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പിന്നീട് വീണ്ടും ഇൻസ്റ്റഗ്രാം ലൈവിലെത്തിയ നടി, നാനയുടെ മരണം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മായ്ച്ചുകളയുന്നില്ലെന്നും വ്യക്തമാക്കി.

വർഷങ്ങളായി താൻ നേരിട്ട മാനസിക ബുദ്ധിമുട്ടുകൾ അറിയാതെ തന്നെ വിമർശിക്കുന്നവരുണ്ടെന്നായിരുന്നു തനുശ്രീയുടെ പ്രതികരണം. ഒരാൾ മരിച്ചതുകൊണ്ട് അയാളിൽനിന്ന് വേദന അനുഭവിച്ചവരുടെ ദുരിതങ്ങൾക്ക് അവസാനമാകുമോ എന്ന ചോദ്യവും നടി ഉയർത്തി. നാനയോട് ക്ഷമിക്കണമെന്നാവശ്യപ്പെടുന്നവരെയും തനുശ്രീ വിമർശിച്ചു. തനിക്കെതിരെ നടക്കുന്ന ഓൺലൈൻ പ്രചാരണങ്ങളെയും നടി ചോദ്യം ചെയ്തു. തന്റെ പ്രതികരണങ്ങൾ ഉപയോഗിച്ച് വീഡിയോകളും വാർത്തകളും തയ്യാറാക്കി കാഴ്ചക്കാരെ നേടാനാണ് ചില യൂട്യൂബ് ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.

2009ൽ പുറത്തിറങ്ങിയ 'ഹോൺ ഓകെ പ്ലീസ്' എന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് നാനാ പടേക്കറിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന തനുശ്രീയുടെ ആരോപണം 2018ൽ ഇന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. മീ ടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി പുറത്തുവന്ന നടിയുടെ വെളിപ്പെടുത്തൽ സിനിമാ മേഖലയിലെ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ശക്തി പകർന്നിരുന്നു.

ആ സംഭവത്തിനുശേഷം സിനിമാ സെറ്റുകളിൽ പോകാൻ ഭയപ്പെട്ടിരുന്നുവെന്നും മാനസികമായി തകർന്നുപോയെന്നും തനുശ്രീ പറഞ്ഞിരുന്നു. ബോളിവുഡിൽ അത്യാവശ്യം നല്ല രീതിയിൽ കരിയർ മുന്നോട്ടുകൊണ്ടുപോകുകയായിരുന്ന തന്റെ ജീവിതം ഈ ആരോപണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പ്രതികൂലമായി ബാധിച്ചെന്നാണ് നടിയുടെ അവകാശവാദം.

2024ൽ തന്റെ വാഹനത്തിന്റെ ബ്രേക്ക് കേടുവരുത്തിയെന്നും ചിലർ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും തനുശ്രീ ലൈവിൽ ആരോപിച്ചു. മീ ടൂ ആരോപണത്തിനു പിന്നാലെ വർഷങ്ങളോളം പലരിൽനിന്നും സമ്മർദവും ഉപദ്രവവും നേരിട്ടതായും നടി പറഞ്ഞു. അടുത്തിടെ കാളിക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുകയും കരയുകയും ചെയ്തതിനു പിന്നാലെ മനസിന് ആശ്വാസം ലഭിച്ചുവെന്നും തനുശ്രീ വെളിപ്പെടുത്തി.

വർഷങ്ങളായി നീണ്ട പോരാട്ടത്തിനൊടുവിൽ തനിക്ക് നീതി ലഭിച്ചുവെന്നാണ് അവർ വിശേഷിപ്പിച്ചത്. അതേസമയം തനുശ്രീയുടെ ആരോപണങ്ങൾ നാനാ പടേക്കർ അന്ന് നിഷേധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും മതിയായ തെളിവുകളുടെ അഭാവത്താൽ 2019ൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.

English Summary

Actress Tanushree Dutta's comments following news of Nana Patekar's death sparked controversy. She stated her past suffering doesn't vanish with his demise, referencing her 2018 Me Too allegations of sexual harassment against him. Patekar had denied these claims, and a related case was closed in 2019 due to insufficient evidence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANA PTEKAR, TANUSREE DUTTA, METOO, SEXUAL ASSAULT CASE, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY