മലയാളികളുടെ അഭിമാനമായ മഹാനടൻ മമ്മൂട്ടി ഇന്ന് 75ാം പിറന്നാൾ ആഘോഷിക്കുകയാണ്. രണ്ടു പുതിയ സിനിമകളുടെ പ്രഖ്യാപനം വരുന്ന പിറന്നാൾ ദിവസം ചെന്നൈയിലെ വീട്ടിലാണ് സൂപ്പർതാരം. അതിനിടെ, ഇന്നലെ സോഷ്യൽ മീഡിയയിൽ വന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ആകർഷകമായ പുത്തൻലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി. ഈ പ്രായത്തിലും താരം എങ്ങനെയാണ് ലുക്കും എനർജിയും കാത്തുസൂക്ഷിക്കുന്നത്? ആരാധകർ മമ്മൂട്ടിയെ കാണുമ്പോൾ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്.
മമ്മൂട്ടിയുടെ ഈ എനർജി കാത്തുസൂക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അദ്ദേഹത്തിന്റെ ഭക്ഷണരീതികളാണ്. രുചിയുള്ള ഭക്ഷണം ഇഷ്ടമുള്ള മമ്മൂട്ടി അളവിൽ നിയന്ത്രണം പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദിവസവും ഒരേ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. എണ്ണയുടെ അംശം കൂടുതലുള്ളതും കലോറി കൂടിയതുമായ ഭക്ഷണം അദ്ദേഹം ഒഴിവാക്കും. ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം മാത്രമാണ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. രാവെന്നോ പകലെന്നോ ഇല്ലാത്ത ഷൂട്ടിംഗ് സമയത്തും അദ്ദേഹം ഈ രീതിയാണ് പിന്തുടരുന്നത്.
ചോറ് കഴിക്കാത്തതാണോ മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യമെന്ന് പലരും ചോദിക്കാറുണ്ട്. ഉച്ചഭക്ഷണത്തിൽ അദ്ദേഹം അരിഭക്ഷണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഓട്സ് പുട്ടും തേങ്ങ ചേർത്ത മീൻകറിയുമാണ് പ്രധാന വിഭവം. കരിമീൻ, തിലോപ്പിയ, നത്തോലി എന്നീ മത്സ്യങ്ങളോടാണ് കൂടുതൽ പ്രിയം. എരിവ് ഭക്ഷണത്തിൽ കുറയ്ക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. വയറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണം പരമാവധി ഒഴിവാക്കും.
രാത്രി ഗോതമ്പ് അല്ലെങ്കിൽ ഓട്സ് ദോശയാണ് പതിവ്. മൂന്നിൽ കൂടുതൽ ദോശ കഴിക്കുകയുമില്ല. എരിവും എണ്ണയും കുറച്ച ചിക്കൻ കറി അല്ലെങ്കിൽ ചട്ണിയാണ് ഇതിനൊപ്പം കഴിക്കാറ്. വൈകുന്നേരങ്ങളിൽ സ്നാക്സ് കഴിക്കുന്ന ശീലമില്ല. ഷൂട്ടിംഗ് സമയത്ത് ഒരു കട്ടൻ ചായ പതിവുണ്ട്. ആഘോഷങ്ങൾ എന്തുതന്നെയായാലും ഭക്ഷണ നിയന്ത്രണം വിട്ട് മമ്മൂട്ടിക്ക് ഒരു കളിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |