
ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിനായി കർണാടകയിൽ തർക്കം രൂക്ഷമാകുന്നതിനിടെ ഡൽഹിയിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും. ഇരുവരും വെവ്വേറെയായി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തുകയാണ്. തന്നെ അനുകൂലിക്കുന്ന ഒരുകൂട്ടം മന്ത്രിമാർക്കൊപ്പമാണ് സിദ്ധരാമയ്യയെത്തിയത്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമടക്കം ഡൽഹിയിലെത്തിയിട്ടുണ്ട്.
കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും താൻ പാലിക്കുമെന്നാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ നവംബറിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ രണ്ടരവർഷം തികച്ചതുമുതൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കമുണ്ട്. രണ്ടരവർഷം കഴിഞ്ഞ് തനിക്ക് മുഖ്യമന്ത്രി പദം നൽകാമെന്ന് ഹൈക്കമാൻഡ് 2023ൽ വാഗ്ദാനം ചെയ്‌തെന്നാണ് ഡി.കെയുടെ വാദം.
ദക്ഷിണേന്ത്യയിലെ സുപ്രധാന സംസ്ഥാനത്തെ തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുന്ന ഹൈക്കമാൻഡ് കേരളം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാക്കാൻ നേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. ഇടക്കാലത്ത് നിശബ്‌ദമായിരുന്ന തർക്കം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് വീണ്ടും തലപൊക്കിയത്. ഡൽഹി ചർച്ചയോടെ സമവായമുണ്ടാകുമെന്നാണ് ഹൈക്കമാൻഡ് നൽകുന്ന സൂചന.
കഴിഞ്ഞ ജനുവരിയിൽ ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന കർണാടക മുഖ്യമന്ത്രി എന്ന ബഹുമതി സിദ്ധരാമയ്യ നേടിയിരുന്നു. കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഡി. ദേവരാജ് ഉർസിന്റെ റെക്കാർഡാണ് സിദ്ധരാമയ്യ മറികടന്നത്. സീനിയോറിട്ടിയും നിലവിലുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ ഏക ദളിത് നേതാവായതും സിദ്ധരാമയ്യയ്‌ക്ക് അനുകൂല ഘടകങ്ങളാണ്. 136 കോൺഗ്രസ് എം.എൽ.എമാരിൽ 100ലധികം പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |