
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന മാതാവിനെ സന്ദർശിക്കാൻ മൂന്ന് ദിവസത്തെ ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. കഴിഞ്ഞമാസം മരണപ്പെട്ട അമ്മാവന്റെ മരണാന്തരച്ചടങ്ങിലും പങ്കെടുക്കും.
വിചാരണക്കോടതി ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജൂൺ ഒന്നുമുതൽ മൂന്നുവരെയാണ് ഖാലിദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വീട്ടിൽതന്നെ കഴിയണം. മാതാവിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ മാത്രമേ പോകാൻ പാടുള്ളൂ. ഈ രണ്ട് സ്ഥലങ്ങളിലേക്കല്ലാതെ മറ്റൊരിടത്തും പോകാൻ പാടില്ല. തലസ്ഥാന നഗരിയിൽതന്നെ തുടരണം. ജാമ്യത്തിന്റെ ബോണ്ടായി ഒരു ലക്ഷം രൂപ നൽകണം. ജാമ്യകാലയളവിൽ ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നിങ്ങനെയാണ് ഉപാധികൾ.
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഖാലിദ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 2020 ഫെബ്രുവരി 24-ാം തീയതി പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായി (എൻആർസി) വ്യാപകമായ പ്രതിഷേധത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലാണ് വ്യാപകമായ കലാപമുണ്ടായത്. ദിവസങ്ങളോളം കലാപം നീണ്ടുനിന്നിരുന്നു. 50ലധികം ആളുകൾ മരിക്കുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉമർ ഖാലിദ്, ഷർജീൽ ഇമാം, മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈൻ എന്നിവരുൾപ്പെടെ 20 പേർ കലാപത്തിന് പ്രേരിപ്പിക്കുന്ന വലിയ ഗൂഢാലോചന നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |