
കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി ഷിബിലയുടെ കുടുംബം. ഭർത്താവ് യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. കേസിൽ മെല്ലെപൊക്ക് നടത്തിയ പൊലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'യാസിർ മദ്യപിച്ച് വീട്ടിൽ വന്ന് ഷിബിലയെ അടിക്കുമായിരുന്നു. പല കാര്യങ്ങളും ഷിബില ഞങ്ങളുടെ അടുത്ത് നിന്ന് മറച്ചുവച്ചു. കഴിഞ്ഞ 28ന് യാസിറിന്റെ ലഹരി ഉപയോഗം പറഞ്ഞ് പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് വിളിച്ച് കാര്യങ്ങൾ തിരക്കി. ഷിബിലയുടെ സർട്ടിഫിക്കറ്റ് കൊണ്ടുതരാൻ പറഞ്ഞിട്ടും യാസിർ അത് ചെയ്തില്ല. പൊലീസിനോട് വീണ്ടും പലതവണ വിളിച്ച് വിവരം പറഞ്ഞെങ്കിലും അവർ ഒന്നും ചെയ്തില്ല. പൊലീസ് അന്ന് നടപടിയെടുത്തിരുന്നെങ്കിൽ എന്റെ മകൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണം',- ഷിബിലയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |