SignIn
Kerala Kaumudi Online
Monday, 18 May 2026 9.47 PM IST

'സായുധ സേന രാജ്യത്തിന്റെ സുരക്ഷാ കവചം'; യുഎഇയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

sheikh-muhammed-

ദുബായ്: രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് യുഎഇയുടെ തന്ത്രപരമായ മുൻഗണനയായി തുടരുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ സായുധ സേനാ ഏകീകരണത്തിന്റെ 50-ാം വാർഷിക വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇ സേന വിജയകരമായി പ്രതിരോധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രസ്താവന. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ ധീരതയോടെയും കാര്യക്ഷമതയോടെയും നേരിടുന്ന സൈന്യത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1976 മെയ് 6-ന് സായുധ സേനയെ ഏകീകരിക്കാൻ എടുത്ത തീരുമാനം രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമായിരുന്നു. രാഷ്ട്രപിതാവ്, അന്തരിച്ച ഷെയ്ഖ് മുഹമ്മദ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റ് ഭരണാധികാരികളുടെയും ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഇന്നത്തെ ശക്തരായ സൈന്യമെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക പ്രതിരോധ ശേഷിയും തന്ത്രപരമായ ആസൂത്രണവുമാണ് ഈ ആക്രമണങ്ങളെ ചെറുക്കാൻ രാജ്യത്തെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ കവചമായി സായുധ സേന നിലകൊള്ളും. എല്ലാ ജനതയുടെയും പുരോഗതിയും ഐശ്വര്യവുമാണ് യുഎഇ ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടാകുന്ന ഏത് സാഹചര്യത്തെയും ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രക്തസാക്ഷികളായ സൈനികരുടെ ത്യാഗങ്ങളെ സ്മരിച്ച പ്രസിഡന്റ് യുഎഇയുടെ കരുത്ത് അതിന്റെ ജനതയിലും ഐക്യത്തിലുമാണെന്നും വ്യക്തമാക്കി. മേഖലയിലെ വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ പുരോഗതി തടസ്സമില്ലാതെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, UAE, SHEIKH MUHAMMED, UAE ARMED FORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360