
പാറ്റ്ന: ബീഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറത്തിൽ നിന്നും പാറ്റ്നയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.രണ്ട് ദിവസത്തിനിടെ രാജ്യത്ത് ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.
ഉടൻ തന്നെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബി-1 കോച്ചിന് തൊട്ടുപിന്നാലെ ഘടിപ്പിച്ചിരുന്ന രണ്ടാമത്തെ ലഗേജ്-കം-ഗാർഡ് വാൻ (എസ്എൽആർ) പൂർണമായി കത്തിനശിച്ചു. ട്രെയിനിൽ നിന്ന് പടർന്ന തീ റെയിൽവേ ട്രാക്കിന് സമീപത്തെ ചില മരങ്ങളിലേക്കും പടർന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പോയ രാജധാനി എക്സ്‌പ്രസ് രാജസ്ഥാനിലെ രത്‌ലം ജില്ലയിൽവച്ച് തീപിടിച്ചു. ഒരു കോച്ച് പൂർണാമായും കത്തിനശിച്ചെങ്കിലും ആളപായം ഉണ്ടായില്ല.പുലര്‍ച്ചെ 5.15 ഓടെയായിരുന്നു തീപിടിത്തം.
അതേസമയം, ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലുടനീളമുള്ള ട്രെയിന്‍ കോച്ചുകളിലെ അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും രാജ്യവ്യാപകമായ ഓഡിറ്റ് റെയിൽവേ അധികൃതർ ആരംഭിച്ചു. ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉൾപ്പെടെ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |