SignIn
Kerala Kaumudi Online
Friday, 22 May 2026 12.04 AM IST

മന്ത്രിമാരെല്ലാം തലസ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി, വൈകിട്ട് നിർണായക യോഗം; ലക്ഷ്യം പുനഃസംഘടനയോ

modi

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ 'സേവാ തീർത്ഥ്' ഹാളിലാണ് യോഗം. അഞ്ച് വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻതന്നെ പ്രധാനമന്ത്രി യോഗം വിളിക്കുകയായിരുന്നു.

നിലവിലെ രാഷ്‌ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരോടും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാന നഗരിയിൽ തന്നെ തുടരാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് വിവരം. ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ്, ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ, വിപണിയിലെ പണപ്പെരുപ്പം എന്നിവയെല്ലാം സർക്കാർ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

ഈ പ്രതിസന്ധി നേരിടാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമല സീതാരാമൻ, ഹർദീപ് സിംഗ് പുരി എന്നിവരടങ്ങുന്ന ഒരു ഉന്നത തലത്തിലുള്ള പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ആവശ്യത്തിന് അസംസ്‌കൃത എണ്ണ, എൽപിജി ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലെ അന്താരാഷ്‌ട്ര സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും.

യോഗത്തിന് മറ്റൊരു രാഷ്‌ട്രീയ പ്രാധാന്യം കൂടിയുണ്ട്. ജൂൺ പത്തിന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയിൽ വലിയൊരു അഴിച്ചുപണിയും വിപുലീകരണവും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവ് വിലയിരുത്തിക്കൊണ്ട്, ജൂൺ രണ്ടാം വാരത്തോടെ പുതിയ മന്ത്രാമാരെ ഉൾപ്പെടുത്താനും ചിലരുടെ വകുപ്പുകൾ മാറ്റാനുമുള്ള നീക്കങ്ങൾ സജീവമാണ്. ഇന്നത്തെ യോഗത്തോടെ ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CENTRAL GOVT, NARENDRA MODI, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360