SignIn
Kerala Kaumudi Online
Friday, 22 May 2026 12.58 AM IST

കെകെആർ മത്സരത്തിനിടെ ബെയ്‌ലുകൾ തട്ടിമാറ്റി; ഹാർദിക്കിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ

hardik-pandya-

മുംബയ്: ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ വിക്കറ്റിലെ ബെയ്‌ലുകൾ ശക്തിയായി തട്ടി മാറ്റിയതിനെ തുടർന്ന് മുംബയ് ഇന്ത്യൻസ് നായകൻ ഹാ‌ർദിക് പാണ്ഡ്യയ്ക്ക് പിഴ. ഐപിഎൽ പെരുമാറ്റച്ചട്ടം (ലെവൽ 1) ലംഘിച്ച ഹാർദിക്കിന്റെ മാച്ച് ഫീയുടെ 10 ശതമാനവും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷയായി ചുമത്തിയത്.

കെകെആർ ഇന്നിംഗ്സിന്റെ പത്താം ഓവറിലായിരുന്നു വിവാദ സംഭവം. പന്തെറിയാനായി റണ്ണപ്പിലേക്ക് മടങ്ങുന്നതിനിടെ ഹാർദിക് ബെയ്‌ലുകൾ തട്ടി മാറ്റിയിരുന്നു. മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങൾ, ഗ്രൗണ്ടിലെ സാമഗ്രികൾ,​ വിക്കറ്റുകൾ എന്നിവയോട് മോശമായി പെരുമാറുന്നതുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ഹാർദിക് കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.


മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് പ്രതീക്ഷിച്ച സ്കോറിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ബാറ്റിംഗിലുണ്ടായ പിഴവാണ് തോൽവിക്ക് കാരണമായതെന്ന് മത്സരശേഷം ഹാർദിക് പ്രതികരിച്ചു. പവർ പ്ലേയിൽ തന്നെ മുൻനിര വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായെന്നും വ്യക്തമാക്കി.


ബാറ്റിംഗിൽ തങ്ങൾക്ക് 20 റൺസിന്റെ കുറവുണ്ടായിരുന്നുവെന്നും താനും തിലക് വർമ്മയും കുറച്ചു‌സമയം ക്രീസിൽ നിന്നിരുന്നെങ്കിൽ മത്സരം ജയിക്കാൻ സാദ്ധ്യതയുണ്ടായിരുന്നുവെന്നും ഹാർദിക് പറഞ്ഞു. ഫീൽഡിംഗിൽ ഉണ്ടായ പിഴവുകളെക്കുറിച്ചും ഹാർദിക് ചൂണ്ടിക്കാണിച്ചു.

'സീസണിലുടനീളം ഞങ്ങളുടെ ഫീൽഡിംഗും വളരെ മോശമായിരുന്നു. ഒരുപാട് ക്യാച്ചുകൾ കളഞ്ഞു കുളിച്ചു. ആരും ഇതൊന്നും മനഃപ്പൂർവ്വം ചെയ്യുന്നതല്ല . പക്ഷേ ഫീൽഡിംഗിന്റെ കാര്യത്തിൽ ഒളിച്ചോടാൻ കഴിയില്ലല്ലോ. മത്സരം ജയിക്കണമെങ്കിൽ കിട്ടുന്ന അവസരങ്ങൾ, അത് പകുതി ചാൻസ് കൂടിയാണെങ്കിൽ പോലും കൈപ്പിടിയിലൊതുക്കണം.പക്ഷേ, മത്സരത്തിന്റെ ഗതി തന്നെ മാറ്റുന്ന ക്യാച്ചുകൾ വിട്ടാൽ നമ്മൾ എപ്പോഴും കളിക്ക് പുറത്താണ്.'- ഹാർദിക്ക് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, BCCI, LATESTNEWS, HARDIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360