SignIn
Kerala Kaumudi Online
Monday, 18 May 2026 8.30 PM IST

വൈറ്റ്‌ഹൗസ് വെടിവയ്‌പ്പ്: ട്രംപിനെ അതീവ ദുർബലനെന്ന് കളിയാക്കി അനിമേഷൻ വീഡിയോയുമായി ഇറാൻ

trump-lego

ടെഹ്‌റാൻ: അത്താഴ വിരുന്നിനിടെ അക്രമി വൈറ്റ്ഹൗസിൽ വെടിവയ്‌പ് നടത്തിയതും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ട്രംപിനെയടക്കം രക്ഷിച്ചതും കഴിഞ്ഞദിവസമാണ്. ഇതിനിടെ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇറാൻ. ലെഗോ സ്റ്റൈൽ അനിമേഷൻ വീഡിയോയാണ് ഇറാനിൽ നിന്നും പുറത്തുവന്നത്. പ്രത്യേക കളിപ്പാട്ടങ്ങളുടെ രീതിയിലെ അനിമേഷനാണ് ലെഗോ വീഡിയോകൾ.

ട്രംപിന്റെ ഭരണ നേതൃത്വത്തെയും സുരക്ഷാ ക്രമീകരണങ്ങളെയുമാണ് കളിപ്പാട്ടങ്ങളുടെ രീതിയിൽ തയ്യാറാക്കിയ ലെഗോ വീഡിയോയിൽ പരിഹസിക്കുന്നത്. ട്രംപിന്റെ റേറ്റിംഗ് തകരുമ്പോൾ ശ്രദ്ധ കിട്ടാൻ ചെയ്യുന്ന നാടകമാണ് വൈറ്റ്ഹൗസ് വെടിവയ്‌പ്പ് എന്നാണ് വീ‌‌ഡിയോയിൽ പറയുന്നത്. അമേരിക്കയിലെ മാദ്ധ്യമങ്ങളിൽ നിയന്ത്രണമുള്ളപ്പോൾ ട്രംപിന് ഇറാനുമേൽ നിയന്ത്രണമില്ലെന്ന് വീഡിയോ സൂചിപ്പിക്കുന്നു. 'എപ്പോഴും നിങ്ങളുടെ പോൾ ഇടിയുമ്പോൾ നിങ്ങൾ ഇതേ തന്ത്രം പുറത്തെടുക്കുന്നു' എന്ന് ട്രംപിന്റെ ജനസമ്മിതിയെയും ഇറാൻ ചോദ്യംചെയ്യുന്നുണ്ട്.

പൊതുവേദിയിൽ ട്രംപ് ശക്തനാകാൻ ശ്രമിക്കുകയാണ് പക്ഷെ അണിയറയിൽ ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് വീഡിയോയിൽ പറയുന്നു.ദുർബലമായ ഇമേജാണ് ട്രംപിന് ഉള്ളതെന്നും അതീവ ദുർബലനാണ് ട്രംപെന്നും റാപ് മ്യൂസിക് തരത്തിലുള്ള ലെഗോ വീഡിയോയിൽ ഇറാൻ ആരോപിക്കുന്നു.

വൈറ്റ്‌ഹൗസിൽ നടന്ന വിരുന്നിൽ ട്രംപ് സംസാരിക്കുന്നതിനിടെയാണ് പെട്ടെന്ന് അക്രമി വെടിയുതിർത്തത്. ഈ സമയം പ്രഥമവനിത മെലാനിയ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എന്നിവരും സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ‌ഗ്സേത് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. വെടിവയ്‌പ്പ് ശബ്‌ദം കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെയടക്കം സ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റിയിരുന്നു.

ശനിയാഴ്ച രാത്രി 8.36ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 6.06ന്) വൈറ്റ് ഹൗസിന് സമീപം 'വാഷിംഗ്ടൺ ഹിൽട്ടൺ' ഹോട്ടലിലായിരുന്നു സംഭവം. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് ഡിന്നർ നടന്ന ഹാളിന് പുറത്ത് ഹോട്ടൽ ലോബിയിലെ സുരക്ഷാ ചെക്ക്‌പോയിന്റലേക്ക് കാലഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ (31) ഇരച്ചുകയറുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് വെടി ഉതിർത്തത്. പ്രതിയെ കീഴ്‌പ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, TRUMP, LEGO VIDEO, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360