
ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂർണ്ണമായും നിർത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് ഈ പരീക്ഷാ റദ്ദാക്കലിലൂടെ തകർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷാ രീതി ഗ്രാമിണ മേഖലയിലുള്ളവർക്കും സർക്കാർ സ്കൂളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും വലിയ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഡോക്ടർ എന്ന സ്വപ്നത്തിന് നീറ്റ് തടസമാണ്. അതിനാൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. നീറ്റിനെതിരെയുള്ള ദീർഘകാല പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന പരീക്ഷയിൽ തമിഴ്നാട്ടിൽ നിന്നുള്ള 1.4 ലക്ഷം പേരുൾപ്പടെ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് കേന്ദ്രം പരീക്ഷ റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |