SignIn
Kerala Kaumudi Online
Monday, 11 May 2026 9.53 PM IST

പൊലീസ് ജീപ്പിൽ പരാതിക്കാരന്റെ അടിച്ചുപൊളി

Increase Font Size Decrease Font Size Print Page
ph-1

കണ്ണൂർ: ഫോൺ മോഷണം പരാതിപ്പെടാൻ പാതിരാത്രി സ്റ്റേഷനിലെത്തി. ആരെയും കണ്ടില്ല. കലികയറി തിരിച്ചിറങ്ങി. നല്ല ഫിറ്റാണ്. ഒന്നു വിശ്രമിക്കാൻ മുറ്റത്തുകിടന്ന ജീപ്പിൽ കയറി. താക്കോൽ ജീപ്പിൽ തന്നെയുണ്ട്. പിന്നൊന്നും ആലോചിച്ചില്ല. ജീപ്പെടുത്ത് ഒറ്റപ്പോക്ക്.

ഗുരുവായൂർ തൊഴിയൂർ സ്വദേശി ഹംസത്താണ് (49) കടുവയെപ്പിടിച്ച കിടുവ. കണ്ണൂർ സൈബർ ക്രൈം പൊലീസിന്റെ ജീപ്പുമായാണ് കടന്നത്. സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ ഏല്പിച്ചതോടെയാണ് സംഭവത്തിനു ക്ളൈമാക്സായത്.

പയ്യാമ്പലത്തെ ബീച്ച് റിസോർട്ടിൽ സെക്യൂരിറ്റിയാണ് ഹംസത്ത്. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയ്ക്കാണ് മൊബൈൽ മോഷണപ്പരാതിയുമായി സൈബർ സ്റ്റേഷനിലെത്തിയത്. നേരത്തേ ടൗൺ സ്റ്റേഷനിലെത്തിയപ്പോൾ ഇങ്ങോട്ടേക്ക് പറഞ്ഞു വിടുകയായിരുന്നു. ഇതിനിടെ ബാറിൽ കയറിയൊന്ന് മിനുങ്ങി.

ജില്ലാ പൊലീസ് കാര്യാലയം,​ കണ്ണൂർ ഡി.ഐ.ജി ഓഫീസ് എന്നിവ ഉൾപ്പെടുന്ന കോമ്പൗണ്ടിലാണ് സൈബർ ക്രൈം സ്റ്റേഷൻ. വാതിൽ അടച്ചിരിക്കുന്നതുകണ്ട് തിരിച്ചിറങ്ങിയപ്പോഴാണ് ജീപ്പു കണ്ടതും യാത്ര അതിലാക്കിയതും.

നഗരം ചുറ്റി,​ തട്ടുകടയിൽ

ഇറങ്ങി കുരുക്കിലായി

കെ.എൽ.01 സി.എച്ച് 8189 നമ്പർ ജീപ്പുമായി നേരെ പമ്പിലെത്തി പെട്രോളടിച്ചു. നഗരമാകെ ചുറ്റി. ഇതിനിടെ എസ്.എൻ പാർക്കിനടുത്ത് തട്ടുകട കണ്ടപ്പോൾ നിറുത്തി. മുഷിഞ്ഞ വസ്ത്രത്തിൽ ഡ്രൈവർ സീറ്റിൽ നിന്ന് ആടിയാടി വരുന്നയാളെ കണ്ടപ്പോൾ ചിലർക്ക് സംശയമായി. തടഞ്ഞുവച്ച് കാര്യങ്ങൾ ചോദിച്ചു. ആദ്യം ഉരുണ്ടുകളിച്ചു. കൈവയ്ക്കുമെന്നായതോടെ എല്ലാം തുറന്നുപറഞ്ഞു. ഇവർ അറിയിച്ച പ്രകാരം ടൗൺ പൊലീസ് ഇൻസ്പെക്ടർ കൈലാസ് നാഥ് എത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ടൗൺ പൊലീസിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് തേടി. സ്റ്റേഷൻ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA