
ലക്‌നൗ: സിദ്ധാർത്ഥ് ഗുപ്‌തയെ നായകനാക്കി ഹർദ്ദിഖ് ഗജ്ജർ സംവിധാനം ചെയ്‌ത കൃഷ്‌ണാവതാരം പാർട്ട് വൺ: ദ ഹാർട്ട് എന്ന ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇന്നലെ ലോക്‌ഭവനിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നികുതിയിളവ് പ്രഖ്യാപിച്ചത്. ജില്ലകൾ തോറും പ്രത്യേക പ്രദർശനം സംഘടിപ്പിക്കാനാണ് സർക്കാർ നിർദേശം.
ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും യുവാക്കളും കുട്ടികളും കൂടുതൽ അടുത്തറിയുന്നതിന് ചിത്രം വഴിയൊരുക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മേയ് ഏഴിനാണ് ചിത്രം പുറത്തിറങ്ങിയത്. സിദ്ധാർത്ഥ് ഗുപ്‌തയ്‌ക്ക് പുറമെ സംസ്‌കൃതി, സുഷ്‌മിത ഭട്ട്, ജാക്കി ഷ്‌റോഫ്, അശുതോഷ് റാണ എന്നിവരും പ്രധാനവേഷം ചെയ്‌തിട്ടുണ്ട്.
യോഗി ആദിത്യനാഥിന് പുറമെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് തുടങ്ങിയവരും നിരവധി ബിജെപി നേതാക്കളും ലോക്ഭവനിൽ നടന്ന പ്രത്യേകപ്രദർശനത്തിൽ പങ്കെടുത്തു. പ്രദർശനത്തിനിടെ ലോക്‌ഭവനിൽ കൃഷ്‌ണനെയും രാധയെയും പ്രകീർത്തിക്കുന്ന മന്ത്രങ്ങൾ മുഴക്കിയതായി ലോക്‌ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
