കൊച്ചി: എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പം എത്തിയ 24കാരിയെ കത്തിമുനയിൽ നിറുത്തി മൂന്ന് യുവാക്കൾ ക്രൂരമായി പീഡിപ്പിച്ചു. ആൺസുഹൃത്തിന്റെ കൺമുന്നിൽ യുവതിയെ വിവസ്ത്രയാക്കി ഒരു മണിക്കൂറോളം ഉപദ്രവിച്ചു. മാനഭംഗത്തെ ശക്തമായി ചെറുത്ത യുവതി കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ പൂർണനഗ്നയായി ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്. മുഖ്യപ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ.എസ്.ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39) എന്നിവർ 24 മണിക്കൂറിനകം എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായി. മൂന്നാംപ്രതി അതുലിനായി തെരച്ചിൽ തുടരുന്നു. ഇവർ സ്ഥിരം കുറ്റവാളികളാണ്.
സ്വകാര്യസ്ഥാപനത്തിലെ എച്ച്.ആർ വിഭാഗം ജീവനക്കാരിയായ എം.ബി.എ ബിരുദധാരിയാണ് കൊച്ചിയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ലൈംഗിക അതിക്രമത്തിനിരയായത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിനു പിന്നിലെ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10നായിരുന്നു സംഭവം. യുവതിയും എറണാകുളം സ്വദേശിയായ ആൺസുഹൃത്തും കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് പോകുമ്പോൾ പ്രതികൾ താഴത്തെ നിലയിൽ മദ്യപിക്കുകയായിരുന്നു.
പിന്നാലെ, കൂട്ടാളികളുമായി മുകളിലെത്തിയ ഡാനിഷ് താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ് ആൺസുഹൃത്തിനെ കത്തിമുനയിൽ നിറുത്തിക്കൊണ്ട് യുവതിയെ അടിവസ്ത്രമുൾപ്പെടെ കീറിയെറിഞ്ഞ് വിവസ്ത്രയാക്കിയത്. യുവതിയുടെ ശക്തമായ ചെറുത്തുനിൽപ്പിനിടെ കടിയേറ്റ് ഡാനിഷിന്റെ കൈയ്‌ക്ക് മുറിവേറ്റു. മൂന്നു അക്രമികളെയും തള്ളിമാറ്റി കെട്ടിടത്തിന്റെ ഫയർഗോവണിയിലൂടെ യുവതി സുഹൃത്തിനൊപ്പം ഓടിയിറങ്ങുകയായിരുന്നു. താഴെയെത്തിയപ്പോൾ ആൺസുഹൃത്ത് ജാക്കറ്റ് ഉപയോഗിച്ച് യുവതിയുടെ ദേഹം മറച്ചു. യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ യുവാവിന്റെ ബാഗുമായി പ്രതികൾ കടന്നിരുന്നു.
സി.സി ടിവിയിൽ
ബൈക്ക് നമ്പർ
സംഭവത്തിനുശേഷം രാവിലെ കെട്ടിടത്തിനു സമീപം ബൈക്കിൽ മൂന്നുപേർ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. സി.സി ടിവിയിൽ നിന്നു ലഭിച്ച ബൈക്കിന്റെ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്
യുവതിയുടെ ബാഗിൽ നിന്ന് ആൺസുഹൃത്തിന്റെ സൺഗ്ലാസ് കൈക്കലാക്കിയ മൂന്നാംപ്രതി അതുൽ സമൂഹമാദ്ധ്യമത്തിൽ അതും ധരിച്ച് പോസ്റ്റിട്ടിരുന്നു. മൂന്ന് പ്രതികളുടെയും പടങ്ങൾ യുവതി തിരിച്ചറിഞ്ഞു
കാര്യങ്ങൾ യുവതി ആദ്യം പൊലീസിനോട് പൂർണമായി വെളിപ്പെടുത്തിയില്ല. കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. ബുധനാഴ്ച രാവിലെ പിടിയിലായ പ്രതി രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമത്തിന്റെ പൂർണചിത്രം പൊലീസിനു ബോദ്ധ്യപ്പെട്ടത്. യുവതിയെ കൗൺസലിംഗിനു വിധേയയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |