റാന്നി: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ യുവതി ആശുപത്രിയിൽ. വയ്യാറ്റുപുഴ വല്യാന്റെ പറമ്പിൽ സോനു തോമസിനാണ് (28) അണലിയുടെ കടിയേറ്റത്. ഇന്നലെ രാവിലെ 7.30ഓടെ വടശേരിക്കരയ്ക്ക് സമീപമാണ് സംഭവം .
പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയായ സോനു ജോലിക്ക് പോവുകയായിരുന്നു. വടശേരിക്കരയിലെത്തിയപ്പോൾ കൈയിൽ എന്തോ കുത്തുന്നത് പോലെ തോന്നി. ഏതെങ്കിലും പ്രാണിയാകുമെന്ന് കരുതി യാത്ര തുടർന്നു. വീണ്ടും കൈയിൽ കടിയേറ്റതോടെയാണ് പാമ്പാണെന്ന് കണ്ടത്. സ്‌കൂട്ടർ റോഡരികിൽ നിറുത്തി സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ വിവരമറിയിച്ചു. അവർ കടിയേറ്റ ഭാഗത്തിന് മുകളിൽ തുണികൊണ്ട് കെട്ടി സോനുവിനെ റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചു,. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഓട്ടോ തൊഴിലാളികൾ സ്‌കൂട്ടറിന്റെ ഹെഡ് ലൈറ്റിന്റെ ഭാഗത്ത് ഒളിച്ചിരുന്ന പാമ്പിനെ തല്ലിക്കൊന്നു.സോനു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |