
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ സംസ്ഥാനത്തേക്ക് കള്ളപ്പണവും മയക്കുമരുന്നും സ്വർണവും വൻതോതിൽ ഒഴുക്കുന്നതിന് തടയിടാൻ പൊലീസ് പ്രത്യേക ദൗത്യം തുടങ്ങി. 69അതിർത്തി ചെക്ക്പോസ്റ്റുകളിലും 24മണിക്കൂറും പരിശോധനയുണ്ട്. ഇതിനായി സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. ഓരോ മണ്ഡലത്തിലും മൂന്ന് ഫ്ലൈയിംഗ് സ്ക്വാഡുകളടക്കം ആറ് സംഘങ്ങളെ കള്ളപ്പണവേട്ടയ്ക്ക് നിയോഗിച്ചു. മുൻപ് കള്ളപ്പണമിടപാടുകൾ നടന്നയിടങ്ങളിൽ ഇതിന്റെ ഇരട്ടി സംഘങ്ങളുണ്ട്. കള്ളപ്പണം, മയക്കുമരുന്ന് പിടികൂടാനുള്ള ദൗത്യം ഏകോപിപ്പിക്കാൻ ഐ.ജി പി.പ്രകാശിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു.
മുൻ തിരഞ്ഞെടുപ്പുകൾക്കായി അന്യസംസ്ഥാനങ്ങളിൽ നിന്നും സ്വകാര്യബസുകളിലും വിമാനങ്ങളിലും പോലും വൻതോതിൽ കള്ളപ്പണം കടത്തിയിരുന്നു. ഇത്തവണ ലഹരികടത്താണ് കൂടുതൽ പിടികൂടിയത്. കൊട്ടിക്കലാശം അടുക്കാറാവുമ്പോഴായിരിക്കും കൂടുതൽ കള്ളപ്പണമെത്തിക്കുകയെന്നാണ് വിലയിരുത്തൽ. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും പ്രചാരണത്തിലെ ധനവിനിയോഗം സൂക്ഷ്‌മമായി നിരീക്ഷിക്കാനുമാണ് കമ്മിഷന്റെ നിർദ്ദേശം. ഓരോ മണ്ഡലത്തിലും മൂന്നുവീതം ഫ്ലൈയിംഗ്, സ്റ്റാറ്റിക് സ്ക്വാഡുകളും പൊലീസ് സംഘങ്ങളും പരിശോധനയ്‌ക്കുണ്ടാവും. തഹസിൽദാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കള്ളപ്പണവേട്ട.
വടക്കൻജില്ലകളിലെ അതിർത്തികളിൽ പൊലീസും എക്സൈസും വാണിജ്യനികുതിവകുപ്പും പരിശോധനയ്ക്കുണ്ട്. റെയിൽവേസംരക്ഷണസേനയ്ക്കും വിമാനത്താവളങ്ങൾക്കും സി.ഐ.എസ്.എഫ്, കസ്റ്റംസ്, ആദായനികുതിവകുപ്പ് എന്നിവയ്‌ക്കും പരിശോധന നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശംനൽകി. കള്ളപ്പണ വേട്ടയ്ക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക ഇന്റലിജൻസ് യൂണിറ്റുകളുണ്ട്. ചാർട്ടേഡ് വിമാനങ്ങൾ,സ്വകാര്യവിമാനങ്ങൾ, ഹെലികോപ്‌റ്റർ എന്നിവയിലും പരിശോധനയുണ്ട്. വിമാനത്താവളങ്ങളിലൂടെ രേഖകളില്ലാതെ പണവും സ്വർണവും കൊണ്ടുവരാൻ അനുവദിക്കില്ല.
സ്വകാര്യവ്യക്തികളുടെ ബാങ്ക്അക്കൗണ്ടിൽനിന്ന് 10ലക്ഷത്തിലധികം പിൻവലിച്ചാൽ അറിയിക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശംനൽകിയിട്ടുണ്ട്. പത്തുലക്ഷം രൂപയിൽ കൂടുതൽ പിടിച്ചാൽ ആദായനികുതി വകുപ്പിന് കൈമാറാനാണ് പൊലീസിനുള്ള നിർദ്ദേശം. വ്യക്തികൾക്കു സ്വന്തം ആവശ്യത്തിനു വലിയ തുകയുമായി സഞ്ചരിക്കുന്നതിനു തടസ്സമില്ല. പക്ഷേ പണത്തിന്റെ സ്രോതസ്സും ആവശ്യവും വെളിപ്പെടുത്താനാവണം.
കേന്ദ്രഏജൻസികളും രംഗത്ത്
സംസ്ഥാനത്തും അതിർത്തി മേഖലകളിലും പ്രത്യേക നിരീക്ഷണത്തിനും റെയ്ഡുകൾക്കുമായി ആദായനികുതി വകുപ്പ് കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു. കള്ളപ്പണമുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനാണ് നിർദ്ദേശം. ഡയറക്‌ടറേറ്റ് ഒഫ് റവന്യൂഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥരെയും കള്ളപ്പണവേട്ടയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് നിരീക്ഷിക്കും.
പണം പിടിച്ചെടുത്താൽ
കിട്ടാൻ സമയമെടുക്കും
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വാഹനങ്ങളിലോ നേതാക്കളുടെ കൈവശമോ കണക്കിൽപെടാത്ത പണമുണ്ടെങ്കിൽ പിടിച്ചെടുക്കും. പണം വിട്ടുകിട്ടാൻ ആഴ്ചകളെടുക്കും.
സംഭാവനയടക്കം സ്ഥാനാർത്ഥികളുടെ പണമിടപാടുകൾ ബാങ്ക്അക്കൗണ്ട് വഴിയായിരിക്കണം. ബാങ്ക് കളക്ടർമാർക്ക് റിപ്പോർട്ട് നൽകണം. പ്രചാരണത്തിന്റെ ചെലവും കമ്മിഷന്റെ മാനദണ്ഡപ്രകാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |