
തിരുവനന്തപുരം: ഉജ്ജ്വല വിജയത്തിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള ചർച്ചകൾ സജീവമാവുകയാണ്. അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് അഭിപ്രായപ്പെടുമ്പോഴും മുഖ്യമന്ത്രി കസേരയക്ക് തങ്ങൾ യോഗ്യരാണെന്ന് പരോക്ഷമായി വാദിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ക്ലെയിം മുന്നോട്ട് വയ്ക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
2021ൽ എംഎൽഎമാരുടെ ഭൂരിപക്ഷം ഒരു ഘടകം ആയിരുന്നില്ലെന്നും ഭൂരിപക്ഷം ഉണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവ് ആക്കിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിയിലും സഭയിലും താൻ സീനിയറാണ് എന്നിട്ടും ഒരു എതിർപ്പും താൻ അറിയിച്ചില്ലെന്നും കരിയില അനങ്ങുന്ന ശബ്ദം പോലും ഉണ്ടാക്കിയില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
'2021ൽ തന്നെ ആരും മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്തിരുന്നില്ല. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തീരുമാനം അദ്ധ്യക്ഷന് വിടാം. അല്ലെങ്കിൽ എംഎൽഎമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. മോശമല്ലാത്ത എംഎൽഎമാരുടെ പിന്തുണ കിട്ടും. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല. പാർട്ടി നീതിപൂർവമായ തീരുമാനം എടുക്കും'- രമേശ് ചെന്നിത്തല പറഞ്ഞു.
ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞെന്നും യുഡിഎഫ് പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നുമാണ് വിജയത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. അബ്ദുൾ റഷീദിനെയാണ് ധർമ്മടത്തെ എംഎൽഎയായി കണക്കാക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അച്ചടക്കത്തോടെ പുതിയ കാഴ്ചപ്പാടോടെ ഭരിക്കേണ്ട ഉത്തരവാദിത്തമാണ് ഇപ്പോൾ ഉള്ളതെന്നും എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനമായിരുന്നുവെന്നും ഏതെങ്കിലും എംപി കേരളത്തിലോട്ട് വരണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |