SignIn
Kerala Kaumudi Online
Friday, 22 May 2026 12.07 AM IST

വിവാദ ആലിംഗനം: 'സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി, പൊറുക്കണം,​ ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു'

bindu-cheriyan-philip

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിൽ ബിന്ദു കൃഷ്ണ‌യെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നുപോയ നിമിഷമായിരുന്നു അതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

മാദ്ധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ ആൺപെൺ വ്യത്യാസമില്ലാതെ സഹപ്രവർത്തകരെ ആലിംഗനം ചെയ്തതിൽ തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും അനൗചിത്യം തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തന്റെ പെരുമാറ്റത്തിൽ യാതൊരുവിധ ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ തന്നെ വ്യക്തമാക്കിയതായും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

പിതൃതുല്യമായ സ്‌നേഹപ്രകടനമാണ് ചെറിയാൻ ഫിലിപ്പ് നടത്തിയതെന്ന് അന്നുതന്നെ മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപിയും വ്യക്തമാക്കിയെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റെ പെരുമാറ്റത്തിൽ ഒരുവിധത്തിലുള്ള ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും പറഞ്ഞിരുന്നു. തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമായിരുന്നു അതെന്നാണ് ഷാനിമോൾ ഉസ്മാനും ചൂണ്ടിക്കാട്ടിയത്.

'വർഷങ്ങളായി പരിചയമുള്ള അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരോടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.'- ചെറിയാൻ ഫിലിപ്പ് പറഞ്ഞു. വർഷങ്ങളായുള്ള തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. അര നൂറ്റാണ്ട് മുൻപ് രാഷ്ട്രീയ പീഡനത്തെ തുടർന്ന് നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റിരുന്നു. ഇതിനെത്തുടർന്ന് അരയ്ക്ക് താഴോട്ടുള്ള നാഡി വ്യവസ്ഥ തകരുകയും കാലുകളിലെ പേശികൾ ശോഷിക്കുകയും ചെയ്തു. നിരന്തരമായ ചികിത്സ കൊണ്ടാണ് ഇപ്പോഴും താൻ എഴുന്നേറ്റു നടക്കുന്നത്.

ഒറ്റയാനായി സന്ന്യാസതുല്യമായ ജീവിതം നയിക്കുന്ന തന്റെ അവസ്ഥയെ മനസിലാക്കാതെ, ചില സാമൂഹിക മാദ്ധ്യമങ്ങൾ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി ഏറെ തളർത്തിയെന്നും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് സാന്ത്വനമേകിയ എല്ലാ അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നതായും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BINDU KRISHNA, CHERIYAN PHILIP, UDF, INC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA